ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊത്തം ബിസിനസ് 2030ഓടെ 200 ലക്ഷം കോടി രൂപയിലെത്തിയേക്കുമെന്ന് ചെയർമാൻ സി.എസ്. ഷെട്ടി. നിലവിലെ വളർച്ചാ നിരക്ക് തുടർന്നാൽ ബാങ്കിന്റെ മൊത്തം ബിസിനസ് 170 മുതൽ 180 ലക്ഷം കോടി രൂപ വരെയാകുമെന്നും അനുകൂല സാഹചര്യത്തിൽ 200 ലക്ഷം കോടി രൂപയിലെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2030ൽ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തൽ.
വായ്പകളും മുൻകൂറുകളും ഉൾപ്പെടെയുള്ള മൊത്തം ബിസിനസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ആദ്യമായി 100 ലക്ഷം കോടി രൂപ കടന്നിരുന്നു. 2026 ജൂൺ അവസാനത്തോടെ ഇത് 110.01 ലക്ഷം കോടി രൂപയായി ഉയർന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയുമായി എസ്ബിഐയുടെ പ്രവർത്തനവ്യാപ്തി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഷെട്ടി വ്യക്തമാക്കി. സമ്പദ്വ്യവസ്ഥ 7 മുതൽ 8 ശതമാനം വരെ വളരുകയാണെങ്കിൽ ബാങ്കിന്റെ ബാലൻസ് ഷീറ്റ് പ്രതിവർഷം 11 മുതൽ 12 ശതമാനം വരെ വളരാൻ ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ. ഈ വളർച്ച തുടർന്നാൽ ഏകദേശം ആറ് വർഷംകൊണ്ട് ബാങ്കിന്റെ ബാലൻസ് ഷീറ്റ് ഇരട്ടിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കൾ, ജീവനക്കാർ, ഓഹരിയുടമകൾ, സർക്കാർ-നിയന്ത്രണ സ്ഥാപനങ്ങൾ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് എസ്ബിഐയുടെ വിഷൻ 2030. ഉപഭോക്താക്കൾക്ക് മികച്ച സേവനവും അനുഭവവും നൽകുന്നതിനൊപ്പം ജീവനക്കാരുടെ ഉൽപ്പാദനക്ഷമത ഉയർത്താനും നടപടിക്രമങ്ങൾ ലളിതമാക്കാനും ബാങ്ക് ലക്ഷ്യമിടുന്നു. ഓഹരിയുടമകൾക്ക് കൂടുതൽ മൂല്യം സൃഷ്ടിക്കുന്നതിനായി കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്താനും ബാങ്ക് പദ്ധതിയിടുന്നു.
കാർഷിക മേഖല, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, ഗ്രാമീണ സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് വായ്പയും സാമ്പത്തിക പിന്തുണയും നൽകുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്ക് തുടരാനാണ് എസ്ബിഐയുടെ ലക്ഷ്യം. സാമ്പത്തിക സാഹചര്യങ്ങൾ മാറിയാലും ശക്തമായ മൂലധനനില നിലനിർത്തുന്നതും പ്രധാന ലക്ഷ്യമാണ്. പൊതു മൂലധനത്തിന്റെ കാര്യക്ഷമമായ വിനിയോഗത്തിനൊപ്പം ചെലവ്-വരുമാന അനുപാതം സ്ഥിരമായി 2 മുതൽ 3 ശതമാനം വരെ മെച്ചപ്പെടുത്താനും ബാങ്ക് ശ്രമിക്കുമെന്ന് ഷെട്ടി വ്യക്തമാക്കി.
Content Highlights:SBI’s total business could reach ₹200 lakh crore by 2030. Chairman C.S. Setty expects the bank’s business to reach ₹170–180 lakh crore if the current growth trend continues. SBI’s total business stood at ₹110.01 lakh crore as of June 2026. India’s economic growth is expected to play a key role in SBI’s balance-sheet expansion.