അമേരിക്ക-ഇറാന് സംഘര്‍ഷം വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്സ് 364.16 പോയിന്റ് (0.47%) ഇടിഞ്ഞ് 76,391.39ലും, നിഫ്റ്റി 50 സൂചിക 127.05 പോയിന്റ് (0.53%) താഴ്ന്ന് 23,869.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 50 ഓഹരികളില്‍ അദാനി എന്റര്‍പ്രൈസസ്, നെസ്ലെ ഇന്ത്യ, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. മേഖലാ സൂചികകളില്‍ നിഫ്റ്റി റിയല്‍റ്റി, നിഫ്റ്റി കെമിക്കല്‍, നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ക്ക് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റു.
അതേസമയം, നിഫ്റ്റി മീഡിയ, നിഫ്റ്റി ഓട്ടോ സൂചികകള്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചു. എണ്ണവിലയിലെ വര്‍ധനയും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷവും ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇന്ത്യന്‍ ഓഹരി വിപണിയെ സമ്മര്‍ദത്തിലാക്കിയതായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ആഗോള ഊര്‍ജവിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കകള്‍ക്കിടെ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിനടുത്തേക്ക് ഉയര്‍ന്നതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം കുറഞ്ഞു. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ സാധ്യതയും കമ്പനികളുടെ ലാഭക്ഷമതയിലെ സമ്മര്‍ദവും വിലയിരുത്തിയാണ് നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നത്.
സമീപകാല സാമ്പത്തിക സൂചകങ്ങള്‍ പ്രകാരം, ദീര്‍ഘകാലം തുടരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആഭ്യന്തര സമ്പദ്വ്യവസ്ഥയെയും ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മൊത്തവില സൂചിക ഉയരുന്നതും വ്യവസായ-ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വേഗം കുറയുന്നതും ഇതിന്റെ സൂചനകളാണ്.
Content Highlights: Indian equities extended losses for a fourth straight session as rising crude oil prices and renewed US-Iran tensions dampened investor sentiment, dragging the Sensex down 364 points