ഫോണ്‍ ഗ്ലാസ് പൊട്ടുന്നു; 53% ഉപഭോക്താക്കളും സ്മാര്‍ട്ട്ഫോണ്‍ മാറ്റി വാങ്ങുന്നതിന് കാരണം

ഫോണ്‍ ഡിസ്‌പ്ലേ ടെക്‌നോളജി കമ്പനിയായ കോര്‍ണിങ് ഇന്‍കോര്‍പറേറ്റഡ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്

നിങ്ങളൊരു ഫോണ്‍ വാങ്ങാന്‍ ഒരുങ്ങുകയാണോ? എന്തുകൊണ്ടാണ് പുതിയ ഫോണ്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നത്? സ്മാര്‍ട്‌ഫോണിന്റെ കവര്‍ ഗ്ലാസ് പൊട്ടിയതാണ് പ്രശ്‌നമെങ്കില്‍ നിങ്ങള്‍ മാത്രമല്ല, രാജ്യത്തെ 53 ശതമാനം ഉപഭോക്താക്കളും ഫോണ്‍ മാറ്റി വാങ്ങാന്‍ കാരണമിതു തന്നെയാണ്. ഫോണ്‍ ഡിസ്‌പ്ലേ ടെക്‌നോളജി കമ്പനിയായ കോര്‍ണിങ് ഇന്‍കോര്‍പറേറ്റഡ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

1,500 ലധികം സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളിലാണ് കമ്പനി സര്‍വേ നടത്തിയത്. 87% ഉപഭോക്താക്കളും തങ്ങളുടെ ഫോണ്‍ ഇടയ്ക്കിടെ തറയില്‍ വീഴാറുണ്ടെന്നും ഫോണ്‍ ഗ്ലാസ് പൊട്ടുമോയെന്ന് ആശങ്കയുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇതില്‍ പകുതിയോളം പേരും ഗ്ലാസ്, ഡിസ്‌പ്ലേ മാറ്റങ്ങള്‍ക്കായി 2000 രൂപയിലധികം ചെലവഴിക്കുന്നതായി പറഞ്ഞു.

ഉപകരണത്തെക്കുറിച്ചുള്ള കമ്പനിയുടെ അവകാശവാദങ്ങളെ തുടര്‍ന്നാണ് ഫോണ്‍ വാങ്ങാനിടയായതെന്ന് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും വെളിപ്പെടുത്തി. 58 ശതമാനം പേരും ഡിസ്‌പ്ലേ വ്യക്തതയ്ക്ക് മുന്‍ഗണന നല്‍കുന്നവരാണ്. താഴെ വീണുള്ള പൊട്ടലുകള്‍ക്കും സ്‌ക്രാച്ചുകള്‍ക്കും പരിഗണന നല്‍കുന്നവരാണ് ഭൂരിഭാഗം പേരും.

ക്യാമറ പോര്‍ഫോമന്‍സിനും മെറ്റീരിയല്‍ ഫീച്ചറുകള്‍ക്കും മുന്‍ഗണന നല്‍കുന്നവര്‍ 53% പേരാണ്. മെച്ചപ്പെട്ട ഫീച്ചറുകള്‍ക്ക് കൂടുതല്‍ പണം നല്‍കാമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം ഉപഭോക്താക്കളെന്ന് സര്‍വേ വ്യക്തമാക്കുന്നു.

Content Highlights: A Corning study reveals that 53% of smartphone users replace their phones due to cracked glass, while consumers increasingly prioritize display quality, durability, camera performance, and advanced features

To advertise here,contact us