എണ്ണക്കമ്പനികൾക്ക് ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലേക്കെത്താൻ വേണ്ടത് 5 രൂപയുടെ വർധന;ഇന്ധനവില വീണ്ടും കൂടുമോ?

നേരത്തെ 12 രൂപയുടെ വർധനവ് വേണമെന്നായിരുന്നു എണ്ണകമ്പനികൾ പറഞ്ഞിരുന്നത്

രാജ്യത്ത് ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഏകദേശം 10 രൂപയുടെ വർധനവാണ് ഇന്ധനവിലയിൽ ഉണ്ടായിട്ടുള്ളത്. ഒറ്റയടിക്ക് കൂട്ടുന്നതിന് പകരം ഘട്ടം ഘട്ടമായാണ് വില കൂട്ടുന്നത്. എന്നാൽ എത്ര കൂട്ടിയിട്ടും തങ്ങൾക്ക് നഷ്ടമെന്നാണ് എണ്ണകമ്പനികളുടെ വാദം. ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയിലെത്താൻ ഇനിയും 5 രൂപയുടെയെങ്കിലും വർധനവ് വേണമെന്നാണ് കണക്കുകൂട്ടൽ.

എണ്ണകമ്പനികളല്ല, മറിച്ച് മേഖലയിലെ വിദഗ്ധരാണ് ഈ കണക്ക് മുന്നോട്ടുവെച്ചത്. നിലവിൽ എണ്ണകമ്പനികൾ പെട്രോൾ ലിറ്ററിന് 5.5 രൂപയും ഡീസൽ ലിറ്ററിന് 4.5 രൂപയുമാണ് നഷ്ടം നേരിടുന്നത്. ഒരു ദിവസം 550 മുതൽ 600 കോടി രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടാകുന്നത്. ഈ നഷ്ടം നികത്താൻ കുറഞ്ഞത് 5 രൂപയുടെ വർധനവ് വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഈ വർധനവ് കൊണ്ട് ലാഭം ഉണ്ടാകില്ലെങ്കിലും നഷ്ടം ഒഴിവാക്കാമെന്നാണ് വിലയിരുത്തൽ.

നേരത്തെ 12 രൂപയുടെ വർധനവ് വേണമെന്നായിരുന്നു എണ്ണകമ്പനികൾ പറഞ്ഞിരുന്നത്. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം പൊതുമേഖലാ എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ ദിവസേന 550 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിലെ ഉയർന്ന നിരക്കിൽ ക്രൂഡ് ഓയിൽ വാങ്ങുമ്പോഴും ഇന്ത്യയിലെ ഇന്ധനവില ക്രമാതീതമായി ഉയരാത്തതാണ് നഷ്ടത്തിന് കാരണം എന്നാണ് വാദം.

എൽപിജിയുടെ കാര്യത്തിലും കമ്പനികൾ നഷ്ടത്തിലാണ് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഒരു സിലിണ്ടറിന് 650 രൂപയാണ് എണ്ണ കമ്പനികളുടെ നഷ്ടം. വിമാനഇന്ധനത്തിൽ ഒരു ലിറ്ററിന് 30 രൂപയാണ് കമ്പനികളുടെ നഷ്ടം. ഹോർമുസ് പ്രതിസന്ധിയും പശ്ചിമേഷ്യൻ സംഘർഷവും ഇവ്വിധം തുടർന്നാൽ വിലവർധനവ് ഇനിയും അനിവാര്യമെന്നാണ് കമ്പനികൾ പറയുന്നത്.

Content Highlights: Oil companies argue that they continue to incur losses despite repeated LPG price increases. According to their estimates, an additional hike of at least ₹5 per cylinder is required to reach a break-even point where there is neither profit nor loss. The claim has intensified discussions around fuel pricing and subsidy policies.

To advertise here,contact us