'Savings വേണ്ട, ഇന്നത്തെ ജീവിതം അടിച്ചുപൊളിക്കാം': എന്ന ചിന്തയാണോ? എങ്കില്‍ നിങ്ങളൊരു 'യോളോ' ആണ്; അപകടമാണ്

'ഇന്നത്തെ അടിച്ചുപൊളി' നാളെ ഭാരമേറിയ ഇഎംഐ ആയും കടബാധ്യതയായും മാറുമ്പോൾ ജീവിതത്തിലെ സമാധാനം നഷ്ടപ്പെടുന്നു

3 min read|03 Jun 2026, 01:10 pm

"ഇന്ന് കഴിഞ്ഞിട്ടല്ലേ.. നാളെ" സേവിങ്സിന്‍റെ കാര്യം ചോദിക്കുമ്പോള്‍ ഇന്നത്തെ തലമുറയിലെ പലരും പറയുന്ന വാക്കുകളില്‍ ഒന്നാണിത്. 'യോളോ' (YOLO - You Only Live Once) അഥവാ 'നമുക്ക് ഒരു ജീവിതമേയുള്ള' എന്ന ആഗോള ചിന്താഗതിയാണ് ഇത്തരക്കാരെ നയിക്കുന്നത്. എന്നാൽ, ഭാവിയെക്കുറിച്ച് ചിന്തിക്കാതെയുള്ള ഈ അമിത ഉപഭോഗ സംസ്കാരവും 'അടിച്ചുപൊളി' ജീവിതരീതിയും വലിയൊരു വിഭാഗം യുവാക്കളെ ഗുരുതരമായ കടക്കെണിയിലേക്കാണ് തള്ളിവിടുന്നതെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഓരോ ദിവസം പൂർണ്ണമായി ആസ്വദിക്കുക എന്നത് മാനസികാരോഗ്യത്തിന് നല്ലതാണെങ്കിലും, അത് സാമ്പത്തിക അച്ചടക്കമില്ലായ്മയായി മാറുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. പലപ്പോഴും വിലകൂടിയ ഗാഡ്‌ജെറ്റുകൾ, ലക്ഷ്വറി യാത്രകൾ, ആഡംബര വസ്ത്രങ്ങൾ എന്നിവയ്ക്കായി വരുമാനത്തിന്റെ വലിയൊരു പങ്ക് യുവാക്കൾ ചിലവഴിക്കുന്നു. കൈയിൽ പണമില്ലെങ്കിൽ പോലും ക്രെഡിറ്റ് കാർഡുകളും, 'ബൈ നൗ പേ ലേറ്റർ' ആപ്പുകളും, പേഴ്സണൽ ലോണുകളും വഴി താല്ക്കാലിക സന്തോഷങ്ങൾ വാങ്ങിക്കൂട്ടുകയാണ് പലരും.

'ഇന്നത്തെ അടിച്ചുപൊളി' നാളെ ഭാരമേറിയ ഇഎംഐ ആയും കടബാധ്യതയായും മാറുമ്പോൾ ജീവിതത്തിലെ സമാധാനവും ഒപ്പം ആസ്വാദനവും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. എല്ലാവർക്കും ഒരു ജീവിതമേയുള്ളു. പക്ഷേ, അതിനർത്ഥം 25-ാമത്തെ വയസ്സിൽ കിട്ടുന്ന ശമ്പളം മുഴുവൻ തീർത്ത്, ബാക്കി വരാനിരിക്കുന്ന 40-ഓ 50-ഓ വർഷം സാമ്പത്തിക പ്രതിസന്ധിയിൽ കഴിയണം എന്നല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പെട്ടെന്നുണ്ടാകുന്ന ജോലി നഷ്ടം, മെഡിക്കൽ എമർജൻസികൾ, അല്ലെങ്കിൽ വിപണിയിലെ സാമ്പത്തിക മാന്ദ്യം എന്നിവ മുൻകൂട്ടി പറഞ്ഞു വരാറില്ല. ഇത്തരം സാഹചര്യങ്ങളിൽ കയ്യിൽ യാതൊരു സമ്പാദ്യവുമില്ലാത്ത 'യോളോ' ഗ്രൂപ്പുകാർ പെട്ടെന്ന് പതറിപ്പോകുന്നു. അതുകൊണ്ട് തന്നെ യുവാക്കൾ തങ്ങളുടെ ചിന്താഗതി 'യോളോ വേർഷൻ 2.0' ലേക്ക് മാറ്റേണ്ട സമയമായിരിക്കുന്നു. അതായത്, "ഇന്നും ജീവിക്കണം, നാളെ പ്രായമാകുമ്പോഴും ആരുടെയും മുന്നിൽ കൈനീട്ടാതെ അന്തസ്സായി ജീവിക്കണം" എന്ന രീതിയിലേക്ക് കാഴ്ചപ്പാടുകൾ മാറണമെന്നും വിദഗ്ധർ പറയുന്നു.

സാമ്പത്തിക സുരക്ഷിതത്വത്തിന് '50-30-20' ഫോർമുല

ജീവിതം ആസ്വദിക്കാൻ പാടില്ല എന്ന് ഒരു സാമ്പത്തിക ശാസ്ത്രവും പറയുന്നില്ല. കൃത്യമായ ഒരു സിസ്റ്റം ഉണ്ടാക്കിയാൽ കുറ്റബോധമില്ലാതെ പണം ചിലവഴിക്കാൻ സാധിക്കും. ഇതിനായി ലോകമെമ്പാടുമുള്ള വിദഗ്ധർ നിർദ്ദേശിക്കുന്ന ഒന്നാണ് '50-30-20' റൂൾ.

50 ശതമാനം (അത്യാവശ്യങ്ങൾ): നിങ്ങളുടെ മാസവരുമാനത്തിന്റെ പകുതി ഭാഗം ഭക്ഷണം, വാടക, ബില്ലുകൾ, ലോണുകൾ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി മാറ്റിവെക്കുക.

30 ശതമാനം (അടിച്ചുപൊളി): ഈ മുപ്പത് ശതമാനം പണം നിങ്ങളുടെ ആഗ്രഹങ്ങൾക്കുള്ളതാണ്. യാത്രകൾ, സിനിമ, ഷോപ്പിംഗ്, പാർട്ടി എന്നിവയ്ക്കായി ഈ തുക ധൈര്യമായി ഉപയോഗിക്കാം.

20 ശതമാനം (നിക്ഷേപം): ബാക്കി വരുന്ന ഇരുപത് ശതമാനം തുക ഭാവിയിലേക്കായി നിർബന്ധമായും സമ്പാദിക്കുകയോ മ്യൂച്വൽ ഫണ്ടുകളിലോ മറ്റ് പദ്ധതികളിലോ നിക്ഷേപിക്കുകയോ ചെയ്യുക.

ഇതോടൊപ്പം ഏതൊരു വ്യക്തിയും കുറഞ്ഞത് 6 മാസത്തെ തങ്ങളുടെ ചിലവുകൾക്കുള്ള പണമെങ്കിലും ഒരു 'എമർജൻസി ഫണ്ട്' ആയി ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതുണ്ട്.

Content Highlights: The YOLO mindset encourages people to enjoy life in the present, but excessive spending without adequate savings can create financial risks. Experts recommend maintaining a balance between current enjoyment and future financial security, ensuring that short-term pleasures do not undermine long-term goals and stability.

To advertise here,contact us