ഇന്ത്യയ്ക്ക് തിരിച്ചടി; അഞ്ചാമത്തെ വലിയ ഓഹരി വിപണിയായി തായ്‌വാൻ; കാരണം AI ബൂമോ?

ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളും എഐ നിക്ഷേപ പ്രവാഹത്തിൽ നിന്ന് നേട്ടം കൊയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

ലോക സാമ്പത്തിക ക്രമത്തിലെ വലിയ മാറ്റത്തിനിടയിൽ, തായ്‌വാൻ ഇന്ത്യയെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയായി മാറി. ബ്ലൂംബെർഗ് കണക്കുകൾ പ്രകാരം തായ്‌വാന്റെ വിപണി മൂല്യം 4.95 ട്രില്യൺ ഡോളറിലെത്തിയപ്പോൾ, ഇന്ത്യയുടെ വിപണി മൂല്യം 4.92 ട്രില്യൺ ഡോളറായി കുറഞ്ഞു. (ഏകദേശം 410 ലക്ഷം കോടി) ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ശക്തി തായ്‌വാനിലെ ചിപ്പ് നിർമ്മാണ ഭീമനായ തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനി (TSMC) എന്നാണ് വിലയിരുത്തപ്പെടുന്നത്.

നിർമ്മിത ബുദ്ധി മേഖലയിലെ ആഗോള വളർച്ച മൂലം കമ്പനിയുടെ ഓഹരികൾ ഈ വർഷം ഏകദേശം 49% വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. തായ്‌വാൻ ഓഹരി സൂചികയിലെ ഏകദേശം 42% പങ്കും TSMC-ക്കാണ് ഉള്ളത്.എഐ സാങ്കേതികവിദ്യകൾക്കായി ആവശ്യമായ അഡ്വാൻസ്ഡ് ചിപ്പുകളുടെ ആവശ്യകത കുത്തനെ ഉയർന്നതോടെ, നിക്ഷേപകർ കൂടുതൽ ടെക്‌നോളജി അധിഷ്ഠിത വിപണികളിലേക്ക് തിരിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒന്നായി തായ്‌വാൻ മാറി.

ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളും എഐ നിക്ഷേപ പ്രവാഹത്തിൽ നിന്ന് നേട്ടം കൊയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ഈ വർഷം ധാരാളം കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

ഉയർന്ന എനർജി ചെലവ്, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, രൂപയുടെ ദുർബലത, കൂടാതെ എഐ ഹാർഡ്‌വെയർ മേഖലയിലെ ഇന്ത്യയുടെ പരിമിത സാന്നിധ്യം എന്നിവ ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിച്ചു. ഈ വർഷം മാത്രം ഏകദേശം 24 ബില്യൺ ഡോളറിന്റെ (2 ലക്ഷം കോടി രൂപ ) വിദേശ നിക്ഷേപമാണ് ഇന്ത്യൻ ഓഹരികളിൽ നിന്ന് പുറത്തുപോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കണക്കുകളിൽ മുന്നിൽ തന്നെ

ഓഹരി വിപണി, മൂല്യത്തിൽ പിന്നിലായെങ്കിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തായ്‌വാനെക്കാൾ വളരെ വലുതാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഏകദേശം 4.15 ട്രില്യൺ ഡോളറാണ്, തായ്‌വാന്റേത് 977 ബില്യൺ ഡോളറിന് സമാനവും.എഐ അധിഷ്ഠിത ആഗോള നിക്ഷേപ പ്രവണത ഇതേ പടി തുടർന്നാൽ അടുത്ത വർഷങ്ങളിലും വിപണികളുടെ റാങ്കിങിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

Content HIghlights:Explained: Why Taiwan has overtaken India to become world’s fifth largest stock market

To advertise here,contact us