ചുളുവിലയ്ക്ക് ഭൂമി, പ്രകൃതിരമണീയമായ സ്ഥലം, താമസിക്കാനും പരമസുഖം; പക്ഷെ ഈ ഗ്രാമത്തിൽ ഒരു കണ്ടീഷനുണ്ട്

ശാന്തമായ, റിലാക്സ്ഡ് ആയ ഒരു ജീവിതം ആഗ്രഹിക്കുന്നവരാണ് ഈ ഗ്രാമത്തിലേക്ക് കൂടുതലായും വരുന്നത്

ബഹളങ്ങൾ ഒന്നുമില്ലാതെ, ശാന്ത സുന്ദരമായ ഒരു ജീവിതം. ആരാണ് ഇത്തരത്തിൽ ഒരു ജീവിതം ആഗ്രഹിക്കാത്തത് അല്ലെ. നഗരങ്ങളിൽ ഇത്തരത്തിൽ ഒരു രീതി ഒരിക്കലും നടക്കില്ല. പക്ഷെ ഗ്രാമങ്ങളിൽ പിന്നെയും പറ്റുമായിരിക്കും. ഇന്നത്തെകാലത്ത് ഗ്രാമങ്ങളിലേക്ക് ഉൾവലിയുന്നവരും കൂടുതലാണ്. അങ്ങനെയുള്ളവർക്ക് സ്‌പെയിനിലെ ഒരു ഗ്രാമം വമ്പൻ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്.

സ്‌പെയിനിലെ ഒൽമേട ഡി ക്വേസ്റ്റാ എന്ന ഗ്രാമമാണ് ചുളുവിലയ്ക്ക് പുറത്തുനിന്നുള്ളവർക്ക് ഭൂമി വിൽക്കാനൊരുങ്ങുന്നത്. ഗ്രാമത്തിൽ ജനവാസം കുറഞ്ഞതാണ് ഇത്തരമൊരു നീക്കത്തിന് കാരണം. കൃഷിയും മറ്റുമാണ് ഈ ഗ്രാമത്തിൽ ഉള്ളവരുടെ പ്രധാന വരുമാനമാർഗം. എന്നാൽ ഇങ്ങനെ ഭൂമി ലഭിച്ചാൽ,അത് വാങ്ങിയവർ ഒരു കാര്യം ചെയ്യണം. രണ്ടര വർഷത്തിനുള്ളിൽ അവിടെ ഒരു ബിസിനസ് ആരംഭിക്കുകയോ വീട് വെയ്ക്കുകയോ വേണം. 645 സ്ക്വയർ ഫീറ്റ് ഭൂമി 22000 രൂപ മുതൽക്കും 2206 സ്ക്വയർ ഫീറ്റ് ഭൂമി 1.4 ലക്ഷം രൂപ മുതൽക്കും ലഭിക്കും.

ഒൽമേട ഡി ക്വേസ്റ്റായുടെ നഷ്ടപെട്ട പ്രൗഢി തിരിച്ചുപിടിക്കാനാണ് ഈ നീക്കം. പണ്ട് ഈ ഗ്രാമത്തിൽ ഏകദേശം അഞ്ഞൂറോളം പേർ താമസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് 15 സ്ഥിരതാമസക്കാർ മാത്രമായി മാറി. വല്ലപ്പോഴും 20 ടൂറിസ്റ്റുകൾ ഗ്രാമത്തിലേക്ക് വന്നാലായി എന്ന നിലയിലുമായി. 47 വയസുള്ള റെഗാച്ചോ എന്ന വ്യക്തിയാണ് ഏറ്റവും പ്രായം കുറവുള്ള ആൾ എന്ന് കൂടി അറിയുമ്പോൾ മനസിലാകുമല്ലോ ഗ്രാമത്തിന്റെ സ്ഥിതി എന്താണെന്ന്. എന്തിന് ഗ്രാമത്തിന്റെ മേയർ പോലും ഗ്രാമത്തിന് വെളിയിലാണ് താമസിക്കുന്നത്.

ഇതാദ്യമായല്ല ഗ്രാമനിവാസികൾ പുറത്തുനിന്നുള്ളവരെ ആകർഷികാനുള്ള വഴികൾ തേടുന്നത്. കഴിഞ്ഞ വർഷം ആറ് പേർ ഗ്രാമത്തിൽ ഭൂമി വാങ്ങിയിരുന്നു. ശാന്തമായ, റിലാക്സ്ഡ് ആയ ഒരു ജീവിതം ആഗ്രഹിക്കുന്നവരാണ് ഈ ഗ്രാമത്തിലേക്ക് കൂടുതലായും വരുന്നത്.

Content Highlights: A village in Spain named Olmeda de la Cuesta is reportedly planning to sell land at very low prices to outsiders. The move comes as the village faces severe depopulation, with a significant decline in residents over the years

To advertise here,contact us