സ്വർണ്ണപ്പണയ സ്ഥാപനങ്ങൾക്ക് ഇളവുമായി ആർബിഐ. സ്വർണ്ണ വായ്പ നൽകുന്ന കമ്പനികൾക്കും മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും ഉൾപ്പെടെയുള്ള എൻബിഎഫ്സികൾക്ക് ഇനി മുതൽ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ പുതിയ ശാഖകൾ തുറക്കാം. ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനാണ് റിസർവ് ബാങ്ക് ഈ മാറ്റം കൊണ്ടുവരുന്നത്.
പ്രവർത്തന സ്വാതന്ത്ര്യം
കമ്പനികൾക്ക് അവരുടെ ബിസിനസ്സ് ആവശ്യങ്ങൾക്കനുസരിച്ച് എവിടെയും ശാഖകൾ തുടങ്ങാനുള്ള സ്വാതന്ത്ര്യം ഇതിലൂടെ ലഭിക്കും. ബാങ്കുകൾ നൽകുന്ന വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ എൻബിഎഫ്സികളുടെ വായ്പാ വിഹിതം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. 2024-ൽ ഇത് 23.64% ആയിരുന്നെങ്കിൽ 2025 മാർച്ചിൽ അത് 25% ആയി ഉയർന്നു.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഭേദഗതി നിർദ്ദേശങ്ങൾ, പ്രകാരമാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
ആർക്കൊക്കെ ഗുണം ചെയ്യും?
മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ സ്വർണ്ണ വായ്പ കമ്പനികൾക്കും, ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും ഈ തീരുമാനം വലിയ നേട്ടമാകും. നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തന്നെ വേഗത്തിൽ ബിസിനസ് വ്യാപിപ്പിക്കാൻ ഇത് അവരെ സഹായിക്കും.
സാധാരണക്കാരന് ഗുണമുണ്ടോ?
റിസർവ് ബാങ്കിന്റെ അനുമതിക്കായി കാത്തിരിക്കേണ്ടതില്ലാത്തതിനാൽ കൂടുതൽ ഗ്രാമീണ ശാഖകൾ തുറക്കുവാൻ സാധ്യതയുണ്ട്. നിങ്ങളുടെ വീടിനടുത്തോ അല്ലെങ്കിൽ ബാങ്കിംഗ് സൗകര്യങ്ങൾ കുറവായ ഗ്രാമങ്ങളിലോ ഇത്തരം സ്ഥാപനങ്ങൾ പുതിയ ശാഖകൾ തുടങ്ങാൻ സാധ്യതയുണ്ട്. വായ്പ എടുക്കാൻ ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടി വരില്ല.സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നതോടെ, പുതിയ ശാഖകൾ തുടങ്ങുന്നതിനൊപ്പം തന്നെ കൂടുതൽ ജീവനക്കാരെ നിയമിക്കാനും അത്യാധുനിക സൗകര്യങ്ങൾ ഒരുക്കാനും അവർക്ക് സാധിക്കും.
ഇത് നിങ്ങൾക്ക് വായ്പ ലഭിക്കാനുള്ള കാലതാമസം കുറയ്ക്കും.ഒരേ സ്ഥലത്ത് തന്നെ ഒന്നിലധികം കമ്പനികൾ ശാഖകൾ തുടങ്ങുമ്പോൾ അവർ തമ്മിൽ മത്സരമുണ്ടാകും. ഈ മത്സരം മൂലം സ്വർണ്ണപ്പണയത്തിന് കുറഞ്ഞ പലിശ നിരക്ക് ലഭിച്ചേക്കാം.വായ്പ തുകയിൽ കൂടുതൽ ഇളവുകൾ കിട്ടാൻ സാധ്യതയുണ്ട്.കൃഷി ആവശ്യങ്ങൾക്കും ചെറുകിട കച്ചവടങ്ങൾക്കും വായ്പ തേടുന്ന സാധാരണക്കാർക്ക് മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പുതിയ ബ്രാഞ്ചുകൾ വലിയ ആശ്വാസമാകും. ബാങ്കുകൾ ഇല്ലാത്ത ഇടങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ എത്തുന്നതോടെ ബ്ലേഡ് പലിശക്കാരുടെ കെണിയിൽ നിന്ന് സാധാരണക്കാർക്ക് രക്ഷപ്പെടാം.
ഒരു കട തുടങ്ങാൻ സർക്കാർ ഓഫീസിൽ നിന്ന് മുൻകൂർ അനുമതി വേണ്ട എന്ന് തീരുമാനിച്ചാൽ എങ്ങനെയാണോ ആ നാട്ടിൽ പെട്ടെന്ന് പുതിയ കടകൾ വരുന്നത്, അതേപോലെ ഇനി നിങ്ങളുടെ നാട്ടിൽ വായ്പാ സ്ഥാപനങ്ങളുടെ ബ്രാഞ്ചുകൾ വരും. ഇത് പണം കടമെടുക്കുന്നത് എളുപ്പമാക്കുകയും പലിശ നിരക്കുകളിൽ മത്സരം ഉണ്ടാക്കുകയും ചെയ്യും.എങ്കിലും, കൂടുതൽ ബ്രാഞ്ചുകൾ വരുന്നത് സൗകര്യമാണെങ്കിലും വായ്പ എടുക്കുമ്പോൾ പലിശ നിരക്കുകളും മറ്റ് നിബന്ധനകളും കൃത്യമായി പരിശോധിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
Content Highlights: RBI allows Gold Loan companies and Microfinance institutions to open branches without prior approval. Learn how this impact common man and the NBFC sector growth.