ഇനി സ്വന്തം ചികിത്സയും സ്വത്തും മുൻകൂട്ടി തീരുമാനിക്കാം: ലിവിംഗ് വിൽ ഡിജിറ്റലാക്കി മഹാരാഷ്ട്ര സർക്കാർ

mahaulb.in എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ ലിവിംഗ് വിൽ ഡിജിറ്റലായി സമർപ്പിക്കാം

ലിവിംഗ് വിൽപത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറുന്നു. ഇതിനായി പ്രത്യേക വെബ് പോർട്ടൽ സർക്കാർ സജ്ജമാക്കി കഴിഞ്ഞു. ഒരാൾക്ക് ഗുരുതരമായ അസുഖം ബാധിക്കുകയോ, ബോധരഹിതനാകുകയോ ചെയ്ത് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ, തനിക്ക് എങ്ങനെയുള്ള ചികിത്സ വേണമെന്ന് മുൻകൂട്ടി എഴുതിവെക്കുന്ന രേഖയാണിത്. വെന്റിലേറ്റർ പോലുള്ള ജീവൻരക്ഷാ ഉപാധികൾ വേണോ വേണ്ടയോ എന്ന് ഇതിലൂടെ ഒരാൾക്ക് മുൻകൂട്ടി തീരുമാനിക്കാം.

ഡിജിറ്റൽ പോർട്ടൽ

സംസ്ഥാനത്തെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും നഗർ പഞ്ചായത്തുകളിലും ഉള്ളവർക്ക് mahaulb.in എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ ലിവിംഗ് വിൽ ഡിജിറ്റലായി സമർപ്പിക്കാം. ഈ രേഖകൾ സർക്കാർ പോർട്ടലിൽ സുരക്ഷിതമായി സൂക്ഷിക്കും. അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാർക്കോ ബന്ധുക്കൾക്കോ ഈ ഡിജിറ്റൽ രേഖ പരിശോധിച്ച് രോഗിയുടെ ആഗ്രഹം അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ സാധിക്കും.

മുമ്പ് ഇത്തരം വിൽപത്രങ്ങൾ തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും വലിയ നിയമക്കുരുക്കുകൾ ഉള്ള കാര്യമായിരുന്നു. എന്നാൽ പുതിയ ഡിജിറ്റൽ സംവിധാനം വരുന്നതോടെ സാധാരണക്കാർക്ക് ഇത് കൂടുതൽ എളുപ്പമാകും. ഒരാളുടെ അന്തസ്സോടെയുള്ള മരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.

സാമ്പത്തികം

ലിവിംഗ് വിൽ ഡിജിറ്റലൈസ് ചെയ്യുന്നത് അനാവശ്യമായ ചികിത്സാ ചെലവുകൾ ഒഴിവാക്കി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കും. രോഗി സുഖം പ്രാപിക്കാൻ സാധ്യതയില്ലാത്ത സാഹചര്യങ്ങളിൽ, വെന്റിലേറ്റർ പോലുള്ള ചെലവേറിയ ജീവൻരക്ഷാ ഉപാധികൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ മുൻകൂട്ടി തീരുമാനിക്കുന്നത് വഴി വലിയൊരു തുക ആശുപത്രി ബില്ലുകളിൽ നിന്ന് ലാഭിക്കാം. ഇത് കുടുംബത്തിന്റെ സമ്പാദ്യം ചികിത്സയ്ക്കായി അമിതമായി ചിലവാകുന്നത് തടയുകയും, അനന്തരാവകാശികൾക്ക് തർക്കങ്ങളില്ലാതെ ആസ്തികൾ കൈമാറുന്ന പ്രക്രിയ കൂടുതൽ സുഗമമാക്കുകയും ചെയ്യും. കൂടാതെ, ഡിജിറ്റൽ സംവിധാനം വരുന്നതോടെ നിയമപരമായ രേഖകൾ തയ്യാറാക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള അധിക ചിലവുകളും കുറയുന്നു.

Content Highlights:India’s First Digital Initiative: Maharashtra becomes the first state in India to introduce a digital system for storing and managing Living Wills.

To advertise here,contact us