ടാറ്റയ്ക്കും ഹ്യുണ്ടായ്ക്കും വെല്ലുവിളി; എസ്‌യുവി നിര വിപുലീകരിക്കാന്‍ മാരുതിയുടെ മാസ്റ്റര്‍ പ്ലാന്‍

ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്‌സ്, ജിംനി എന്നിവ ഉള്‍പ്പെടെ ഇപ്പോള്‍ തന്നെ മാരുതിക്ക് ശക്തമായ എസ്‌യുവി നിരയുണ്ട്

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, രാജ്യത്ത് അതിവേഗം വളരുന്ന സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹന (എസ്‌യുവി) സെഗ്മെന്റില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കുന്നു. അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ ഏഴു പുതിയ എസ്‌യുവികളാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്‌സ്, ജിംനി എന്നിവ ഉള്‍പ്പെടെ ഇപ്പോള്‍ തന്നെ മാരുതിക്ക് ശക്തമായ എസ്‌യുവി നിരയുണ്ട്. ഇതിനുപിന്നാലെയാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

പുതിയ മോഡലുകള്‍ കൂടി എത്തുന്നതോടെ എസ്‌യുവി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് കമ്പനി ശ്രമിക്കുന്നത്. മാരുതിയുടെ വരാനിരിക്കുന്ന പ്രധാന മോഡലുകളില്‍ ഒന്ന് 'eVX' എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയാണ്. ഇത് വൈകാതെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 550 കിലോമീറ്റര്‍ മൈലേജ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. പുതിയ എസ്‌യുവികളില്‍ പലതും സ്‌ട്രോങ്-ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ ആയിരിക്കും പുറത്തിറങ്ങുക. ഇത് ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ഇന്‍വിക്‌റ്റോയ്ക്ക് പുറമെ, ഗ്രാന്‍ഡ് വിറ്റാരയുടെ 7-സീറ്റര്‍ പതിപ്പും മാരുതി അണിയറയില്‍ ഒരുക്കുന്നുണ്ട്. ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സ്റ്റര്‍ എന്നിവയുമായി മത്സരിക്കാന്‍ എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ ചെറിയ എസ്‌യുവി മോഡലും മാരുതി പുറത്തിറക്കിയേക്കും. ഇന്ത്യയിലെ മൊത്തം പാസഞ്ചര്‍ വാഹന വിപണിയുടെ 50 ശതമാനവും എസ്യുവികള്‍ കൈക്കലാക്കുന്ന സാഹചര്യത്തില്‍, ആ വളര്‍ച്ച മുതലാക്കുക എന്നതാണ് മാരുതിയുടെ തന്ത്രം.

2030ഓടെ തങ്ങളുടെ മൊത്തം വില്‍പ്പനയുടെ വലിയ ഭാഗം എസ്‌യുവികളില്‍നിന്നും ഇലക്ട്രിക് വാഹനങ്ങളില്‍നിന്നും കണ്ടെത്താനാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചെറുകാറുകളുടെ നിര്‍മാതാക്കള്‍ എന്ന പ്രതിച്ഛായയില്‍നിന്ന്, പ്രീമിയം സൗകര്യങ്ങളുള്ള എസ്‌യുവികളുടെ കരുത്തുറ്റ നിര്‍മാതാക്കളായി മാറാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. വൈവിധ്യമാര്‍ന്ന മോഡലുകള്‍, ഇന്ധനക്ഷമത, അത്യാധുനിക ഫീച്ചറുകള്‍ എന്നിവയിലൂടെ ഇന്ത്യന്‍ വിപണിയില്‍ വലിയ മുന്നേറ്റമാണ് പുതിയ മോഡലുകളിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്.

Content Highlights: Maruti Suzuki to Introduce 7 New SUVs in 5-6 Years as Segment Drives Growth

To advertise here,contact us