വിദേശപണം ഇനി അക്കൗണ്ടിലേക്ക് വേഗമെത്തും; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി ആര്‍ബിഐ

ഇടപാടുകള്‍ സുഗമമാക്കുന്നതിന് ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ വികസിപ്പിക്കാനും രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനമൊരുക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന പണമിടപാടുകള്‍ വേഗത്തിലാക്കാനും സുതാര്യമാക്കാനും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഗുണഭോക്താക്കള്‍ക്ക് പണം വേഗത്തില്‍ ലഭ്യമാക്കാനും അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാനുമാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് പണം വന്നാലുടന്‍ ഉപഭോക്താക്കളെ ബാങ്കുകള്‍ വിവരം അറിയിക്കണം. ഫോറെക്‌സ് വിപണി സമയം കഴിഞ്ഞാണ് പണം എത്തുന്നതെങ്കില്‍ അടുത്ത ദിവസം തന്നെ ഉപഭോക്താവിന് അറിയിപ്പ് നല്‍കണം.

നോസ്‌ട്രോ അക്കൗണ്ടുകളിലെ ഇടപാടുകളില്‍ ഒരു മണിക്കൂറിനുള്ളില്‍ ഏകീകരണം പൂര്‍ത്തിയാക്കണം. വിദേശനാണ്യ വിപണി പ്രവര്‍ത്തിക്കുന്ന സമയത്താണ് പണം ലഭിക്കുന്നതെങ്കില്‍, അന്നേ ദിവസം തന്നെ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാന്‍ ബാങ്കുകള്‍ പരമാവധി ശ്രമിക്കണം. ഇടപാടുകള്‍ സുഗമമാക്കുന്നതിന് ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ വികസിപ്പിക്കാനും രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനമൊരുക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിസ്‌ക് അസസ്മെന്റിന്റെ അടിസ്ഥാനത്തില്‍ സ്‌ട്രെയിറ്റ്-ത്രൂ പ്രോസസിങ് നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. ഇത് വ്യക്തികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ആശ്വാസം നല്‍കുന്ന നീക്കമാണ് റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് പൊതുവിലയിരുത്തല്‍.

2025 ഒക്ടോബര്‍ 29ന് പുറപ്പെടുവിച്ച കരട് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വിവിധ തലങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് ആര്‍ബിഐ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നിയമങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. ഇടനില ബാങ്കുകള്‍ പണം ലഭിക്കുന്ന വിവരം ഒട്ടും വൈകാതെ തന്നെ ഗുണഭോക്താവിന്റെ ബാങ്കിനെ അറിയിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

Content Highlights: RBI ask banks to speed up inward foreign payments with faster alerts, one-hour reconciliation

To advertise here,contact us