നമ്മളിൽ പലരും ബാങ്ക് നിക്ഷേപങ്ങൾക്കും ചിട്ടികൾക്കും പകരമായി ഇന്ന് ആശ്രയിക്കുന്നത് സിപ് (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുതിച്ചുയർന്നിരുന്ന ഈ മേഖലയിൽ, 2026 ഫെബ്രുവരി മാസം ചെറിയൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്.
കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും മോശം ഫെബ്രുവരി എന്നാണ് 2026 ഫെബ്രുവരിയിലെ മ്യൂച്വൽ ഫണ്ട് സിപ് കണക്കുകളെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.പുതിയ നിക്ഷേപകർക്കിടയിൽ ഇത് ചെറിയൊരു ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, ഇതിന് പിന്നിൽ ഭയപ്പെടേണ്ടതില്ലാത്ത ചില സാങ്കേതിക കാരണങ്ങളും വിപണിയിലെ താൽക്കാലിക മാറ്റങ്ങളുമാണുള്ളത്.
എന്തുകൊണ്ടാണ് ഈ ഇടിവ് സംഭവിച്ചതെന്നും സാധാരണക്കാരായ നിക്ഷേപകർ ഇപ്പോൾ എന്ത് ചെയ്യണമെന്നും നമുക്ക് നോക്കാം.
സാധാരണയായി എല്ലാ മാസവും SIP വഴി വിപണിയിലേക്ക് എത്തുന്ന പണത്തിന്റെ അളവ് കൂടുകയാണ് പതിവ്. എന്നാൽ ഈ ഫെബ്രുവരിയിൽ നിക്ഷേപ തുകയിൽ ഏകദേശം 4% കുറവ് രേഖപ്പെടുത്തി. ജനുവരിയിൽ 31,002 കോടി രൂപയായിരുന്നത് ഫെബ്രുവരിയിൽ 29,845 കോടി രൂപയായി കുറഞ്ഞു. 2019-ന് ശേഷം ഒരു ഫെബ്രുവരി മാസത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.
ദിവസങ്ങളുടെ കുറവ്
ഫെബ്രുവരിയിൽ വെറും 28 ദിവസങ്ങൾ മാത്രമേ ഉള്ളൂ. മാസാവസാന തീയതികളിൽ (29, 30, 31) നിശ്ചയിച്ചിട്ടുള്ള SIP-കൾ സ്വാഭാവികമായും അടുത്ത മാസത്തേക്ക് (മാർച്ച്) മാറ്റിപ്പോയി. ഇത് കണക്കുകളിൽ കുറവ് വരാൻ കാരണമായി.
ഓഹരി വിപണിയിലെ ചാഞ്ചാട്ടം
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യങ്ങളും ആഗോള സാമ്പത്തിക പ്രശ്നങ്ങളും കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ഇടിവ് സംഭവിച്ചു. ഇത് കണ്ട് ഭയന്ന ചില നിക്ഷേപകർ താൽക്കാലികമായി SIP നിർത്തുകയോ പണം പിൻവലിക്കുകയോ ചെയ്തു.ഓഹരി വിപണി ഇടിയുമ്പോൾ നിക്ഷേപം നിർത്തുന്നത് ബുദ്ധിയല്ല. കുറഞ്ഞ വിലയിൽ ഓഹരികളും, മ്യൂച്ചൽ ഫണ്ടും വാങ്ങാനുള്ള സമയം ആണ് അത്.
സ്വർണ്ണത്തിലേക്കുള്ള മാറ്റം
ഓഹരി വിപണി അസ്ഥിരമായപ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ പലരും പണം സ്വർണ്ണത്തിലേക്ക് മാറ്റി നിക്ഷേപിച്ചു. ഒരു ആസ്തി ഉയരുമ്പോൾ അതിൽ നിക്ഷേപിക്കുകയും, പിന്നീട് വില കുറയുമ്പോൾ വിറ്റൊഴിയുകയും ചെയ്യുന്നതും ബുദ്ധിയല്ല. സ്വർണ വില ഏറ്റവും ഉയർന്നിരിക്കുന്ന സമയത്ത് ഇനിയും വില ഉയർന്നാലോ എന്ന ചിന്തയിലാണ് പലരും സ്വർണം വാങ്ങി കൂട്ടുന്നുനത്.
ലാഭം എടുക്കൽ
കഴിഞ്ഞ രണ്ട് വർഷമായി വിപണി നല്ല ലാഭം നൽകിയിരുന്നു. വിപണി ഇനിയും താഴേക്ക് പോകുമെന്ന് കരുതി കിട്ടിയ ലാഭം കൈക്കലാക്കാൻ പലരും നിക്ഷേപം അവസാനിപ്പിച്ചു.
നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്
വിപണി താഴുമ്പോൾ SIP നിർത്തുന്നത് വലിയൊരു അബദ്ധമാണെന്നാണ് വിദഗ്ധർ പറയുന്നത്. വിപണി താഴുമ്പോൾ അതേ തുകയ്ക്ക് നിങ്ങൾക്ക് കൂടുതൽ 'യൂണിറ്റുകൾ' ലഭിക്കും. വിപണി തിരിച്ചു കയറുമ്പോൾ ഇത് വലിയ ലാഭം നൽകും. അതിനാൽ ദീർഘകാല ലക്ഷ്യങ്ങളുള്ളവർ പരിഭ്രാന്തരാകാതെ നിക്ഷേപം തുടരുന്നതാണ് ബുദ്ധി.
Content Highlights: SIP mutual fund investments in India saw a slight dip in February 2026 after witnessing strong growth over the past few years