ഉള്ളിവിലയിൽ 116% കുതിപ്പ്; വെളുത്തുള്ളിക്ക് 61% വർധന; പാലും പനീറും വിലകൂടി,കുടുംബബജറ്റിന് കനത്ത തിരിച്ചടി

പച്ചക്കറികൾക്കു പുറമെ ധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും വിലയിലും വർധന രേഖപ്പെടുത്തി

onion price

അടുക്കളയിലെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ഇനി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. ഉള്ളി, വെളുത്തുള്ളി, നാരങ്ങ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റുകയാണ്. പാലും പനീറും തൈരും മധുരപലഹാരങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്കും വില വർധിച്ചു. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തിക അവലോകനത്തിലാണ് രാജ്യത്തെ ഭക്ഷ്യവിലക്കയറ്റത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഒക്ടോബറിൽ ഉള്ളിവില കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 116 ശതമാനമാണ് ഉയർന്നത്. വെളുത്തുള്ളിക്ക് 61 ശതമാനവും നാരങ്ങയ്ക്ക് 47 ശതമാനവും വില വർധിച്ചു. പച്ചക്കറികൾക്കു പുറമെ ധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും വിലയിലും വർധന രേഖപ്പെടുത്തി. അരിവില 12.5 ശതമാനവും ഗോതമ്പിന് 3.1 ശതമാനവും വില ഉയർന്നു. തുവരപ്പരിപ്പിന് 15 ശതമാനവും ഉഴുന്നിന് 12 ശതമാനവുമാണ് വിലക്കയറ്റം.

പാചകത്തിനാവശ്യമായ എണ്ണകളുടെ വിലയും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നില്ല. റിഫൈൻഡ് ഓയിലിനും നിലക്കടല എണ്ണയ്ക്കും ഏകദേശം 16 ശതമാനവും കടുകെണ്ണയ്ക്ക് 10 ശതമാനവും വില വർധിച്ചു. പാൽ, പാലുൽപ്പന്നങ്ങളിലും വിലക്കയറ്റം പ്രകടമാണ്. പാലിന് 4.6 ശതമാനവും പനീറിന് 5.7 ശതമാനവും തൈരിന് 4.4 ശതമാനവും വില കൂടി. ഉത്സവകാല ആവശ്യകത വർധിച്ചതോടെ പാലിൽനിന്നുള്ള മധുരപലഹാരങ്ങളുടെ വിലയിൽ 10 ശതമാനം വർധനയുണ്ടായി. ഇതിനു പുറമെ ഇറച്ചിക്കോഴിക്ക് 11.3 ശതമാനവും മാംസത്തിന് 10.6 ശതമാനവും മീനിന് 8.5 ശതമാനവും മുട്ടയ്ക്ക് 8.3 ശതമാനവും വില വർധിച്ചിട്ടുണ്ട്.

വിവാഹ-ഉത്സവ സീസണിലെ ആവശ്യകത പാലിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിലയിൽ സമ്മർദം തുടരാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, അതേസമയം സർക്കാർ സ്വീകരിച്ച വിതരണ നടപടികളുടെ ഫലമായി ഉള്ളിയുടെ മൊത്തവിലയിലെ വർധനയ്ക്ക് നേരിയ കുറവുണ്ടായിട്ടുണ്ട്. അതേസമയം ഉരുളക്കിഴങ്ങിന്റെ വിലയിൽ 14 ശതമാനം ഇടിവുണ്ടായപ്പോൾ തക്കാളിവില 5.8 ശതമാനം ഉയരുകയാണ് ചെയ്തത്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ സാരമായി ബാധിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനായി വരുമാനത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കേണ്ടിവരുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുകയും ദൈനംദിന ജീവിതച്ചെലവ് തകിടം മറിക്കുകയുമാണ്.

Content Hhighlights: From Vegetables to Milk and Sweets, Nothing Is Spared! Onion Prices Skyrocket 116%, Garlic Jumps 61% as Rising Food Costs Hit Household Budgets Hard

To advertise here,contact us