ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. രാജ്യത്തെ ഫാക്ടറികളിലെ ഉൽപ്പാദന പ്രവർത്തനങ്ങൾ ഒൻപത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. നവംബറിൽ ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് അഥവാ PMI 56 ആയി ഉയർന്നു. ഒക്ടോബറിൽ ഇത് 54.7 ആയിരുന്നു. അതായത് വെറും ഒരു മാസം കൊണ്ട് സൂചികയിൽ 1.3 പോയിന്റിന്റെ വർധന. HSBCയും S&P ഗ്ലോബലും പുറത്തുവിട്ട ഫ്ലാഷ് PMI സർവേയാണ് ഈ മുന്നേറ്റം വ്യക്തമാക്കുന്നത്.
പ്രധാനമായും ആഭ്യന്തര വിപണിയിലെ ശക്തമായ ആവശ്യകതയും പുതിയ ബിസിനസ് ഓർഡറുകളുമാണ് ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് കരുത്താകുന്നത്. ജൂണിന് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വളർച്ചയാണ് പുതിയ ഓർഡറുകളിൽ രേഖപ്പെടുത്തിയത്. ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത്കെയർ, കെമിക്കൽസ്, ഇലക്ട്രോണിക് ഘടകങ്ങൾ, ലോഹങ്ങൾ, പവർ ട്രാൻസ്മിഷൻ ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യ മേഖലകൾ എന്നിവയിൽ മികച്ച ആവശ്യകതയാണ് കമ്പനികൾ റിപ്പോർട്ട് ചെയ്തത്.
കയറ്റുമതി മേഖലയിലും പ്രതീക്ഷ നൽകുന്ന സൂചനകളുണ്ട്. പുതിയ കയറ്റുമതി ഓർഡറുകൾ നാല് മാസത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തി. വിദേശ വിപണികളിൽ നിന്നുള്ള ആവശ്യകത വർധിക്കുന്നത് ഇന്ത്യൻ നിർമാണ കമ്പനികൾക്ക് കൂടുതൽ ബിസിനസ് സാധ്യതകൾ തുറക്കുന്നു.
വ്യവസായ മേഖലയിലെ ഈ മുന്നേറ്റം തൊഴിൽ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള നിയമന വളർച്ചയാണ് മാനുഫാക്ചറിംഗ് കമ്പനികൾ രേഖപ്പെടുത്തിയത്. ഉൽപ്പാദനം വർധിക്കുന്നതിനൊപ്പം കൂടുതൽ ജീവനക്കാരെ നിയമിക്കാനും കമ്പനികൾ തയ്യാറാകുന്നു.
എന്നാൽ സേവനമേഖലയുടെ ചിത്രം അത്ര ആശ്വാസകരമല്ല. നവംബറിൽ സേവനമേഖലയുടെ PMI ഒക്ടോബറിലെ 55.8ൽ നിന്ന് 55.3 ആയി കുറഞ്ഞു. ഏകദേശം ഒരു വർഷത്തിനിടെ ആദ്യമായി സേവനമേഖലയിൽ തൊഴിൽ കുറയുകയും ചെയ്തു. അതേസമയം, മാനുഫാക്ച്ചറിങ് ഔട്ട്പുട്ട് സൂചിക 57ൽ നിന്ന് 58.3ലേക്ക് ഉയർന്നു. രാജ്യത്തെ മൊത്തത്തിലുള്ള സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന കോമ്പോസിറ്റ് PMI 56.2ൽ നിന്ന് 56.3 ആയി ഉയർന്നു.
വിലക്കയറ്റ സമ്മർദങ്ങളുടെ കാര്യത്തിലും ചില ആശ്വാസ സൂചനകളുണ്ട്. നിർമാണ കമ്പനികളുടെ അസംസ്കൃത വസ്തുക്കളുടെ ചെലവിലുണ്ടായ വർധന താരതമ്യേന നിയന്ത്രിതമായിരുന്നു. അതേസമയം, ഉൽപ്പന്നങ്ങളുടെ വിൽപ്പന വില ഉയർത്താൻ കമ്പനികൾക്ക് കഴിഞ്ഞു. മുന്നോട്ടുള്ള ബിസിനസ് സാഹചര്യങ്ങളെക്കുറിച്ചുള്ള കമ്പനികളുടെ ആത്മവിശ്വാസവും മെച്ചപ്പെട്ടിട്ടുണ്ട്.
എന്നാൽ സേവനമേഖലയിലെ മന്ദഗതിയും തൊഴിൽ കുറയുന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. 50ന് മുകളിലുള്ള PMI വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ മാനുഫാക്ചറിംഗ് മേഖലയിലെ 56 എന്ന കണക്ക് ഇന്ത്യൻ വ്യവസായത്തിന്റെ ശക്തമായ വളർച്ചയാണ് വ്യക്തമാക്കുന്നത്.
ഫാക്ടറികളിലെ ഉൽപ്പാദനവും പുതിയ ഓർഡറുകളും കയറ്റുമതിയും തൊഴിലവസരങ്ങളും ഒരുപോലെ മുന്നേറുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഈ വളർച്ച വരും മാസങ്ങളിലും തുടരാനാകുമോ എന്നതാണ് ഇനി വിപണിയും സാമ്പത്തിക വിദഗ്ധരും ഉറ്റുനോക്കുന്നത്.
Content Highlights: India’s Manufacturing Sector Hits a 9-Month High in November as PMI Surges to 56, Boosting Private Sector Growth Amid a Slowdown in Services Activity