മാരുതി ഇതെന്ത് ഭാവിച്ചാ? വീണ്ടും വില വർധിപ്പിച്ചു: ഈ വർഷം ഇത് നാലാം തവണ

തിരഞ്ഞെടുത്ത മോഡലുകൾക്ക് ശരാശരി 0.31 ശതമാനം വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്

വാഹനപ്രേമികൾക്ക് വീണ്ടും തിരിച്ചടി നൽകി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) കാറുകളുടെ വില വീണ്ടും കൂട്ടി. 2026-ൽ ഇത് നാലാം തവണയാണ് കമ്പനി വാഹനങ്ങളുടെ വില വർധിപ്പിക്കുന്നത്. നവംബർ 22 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി കമ്പനി വ്യക്തമാക്കി.

തിരഞ്ഞെടുത്ത മോഡലുകൾക്ക് ശരാശരി 0.31 ശതമാനം വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഏതൊക്കെ മോഡലുകൾക്കാണ് കൃത്യമായി വില കൂടിയതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഉപഭോക്താക്കൾക്ക് അധികഭാരം കുറയ്ക്കുന്ന രീതിയിലാണ് വില പരിഷ്കരണം നടപ്പിലാക്കിയിട്ടുള്ളതെന്ന് മാരുതി സുസുക്കി അറിയിച്ചു.

നിർമ്മാണച്ചെലവും അസംസ്കൃത വസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നതാണ് വീണ്ടും വില കൂട്ടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, വിപണിയിലെ പണപ്പെരുപ്പവും ഉൽപ്പാദനച്ചെലവിലെ വർദ്ധനവും കാരണം ചെറിയൊരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് കമ്പനി വിശദീകരിക്കുന്നു. 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) മാരുതിയുടെ അറ്റാദായത്തിൽ 26.9 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. അസംസ്കൃത വസ്തുക്കളുടെ ചെലവ് 48 ശതമാനത്തോളം വർദ്ധിച്ചതാണ് കമ്പനിയുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചത്.

ഇതിനുമുൻപ് ഈ വർഷം മൂന്ന് തവണ മാരുതി കാറുകളുടെ വില കൂട്ടിയിരുന്നു. ജൂണിൽ പാസഞ്ചർ വാഹനങ്ങൾക്ക് 30,000 രൂപ വരെയും, ഓഗസ്റ്റിൽ അരീന (Arena), നെക്സ (Nexa) മോഡലുകൾക്ക് 30,000 രൂപ വരെയും വർധിപ്പിച്ച കമ്പനി, സെപ്റ്റംബറിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് 20,000 രൂപ വരെയും വില കൂട്ടിയിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് തവണകളിലായി ചില മോഡലുകൾക്ക് 80,000 രൂപ വരെ വില കൂടി. വർഷാവസാന ഓഫറുകൾ പ്രതീക്ഷിച്ചിരുന്ന ഉപഭോക്താക്കൾക്ക് മാരുതിയുടെ ഈ അപ്രതീക്ഷിത വിലവർദ്ധനവ് വലിയ നിരാശയാണ് നൽകിയിരിക്കുന്നത്.

Content Highlights: Maruti Suzuki India has announced its fourth price increase of 2026, effective November 22. Prices of select models will rise by an estimated 0.31% on a volume-weighted average basis. The company cited sustained input and production cost pressures despite its cost-reduction efforts. Earlier price increases took place in June, August and September, with individual model-wise revisions varying.

To advertise here,contact us