ഇന്ത്യൻ കയറ്റുമതിക്ക് വൻ ഉണർവ്; ന്യൂസിലൻഡിലേക്ക് തീരുവയില്ലാതെ ഉൽപ്പന്നങ്ങൾ; വ്യാപാര കരാർ പ്രാബല്യത്തിൽ

ക്ഷീരോൽപ്പാദന മേഖലയും ചില കാർഷിക ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള സുപ്രധാന മേഖലകൾക്ക് ഇന്ത്യ സംരക്ഷണം തുടരും

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡ് വിപണിയിൽ കൂടുതൽ അവസരങ്ങൾ തുറക്കുന്നു. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് പുതിയ സാധ്യതകളാണ് ഒരുങ്ങുന്നത്. 2026 ഏപ്രിൽ 27-ന് ന്യൂഡൽഹിയിൽ വെച്ച്, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലാൻഡ് വ്യാപാര-നിക്ഷേപ മന്ത്രി ടോഡ് മക്‌ക്ലേയും ചേർന്നായിരുന്നു കരാറിൽ ഒപ്പുവെച്ചത്.

ന്യൂസിലാൻഡ് തങ്ങളുടെ എല്ലാ ഉൽപ്പന്ന വിഭാഗങ്ങളിലെയും ഇറക്കുമതി തീരുവകൾ കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യ ദിവസം തന്നെ പൂർണ്ണമായും ഒഴിവാക്കുമ്പോൾ, ഇന്ത്യ ഏകദേശം 70 ശതമാനം ഉൽപ്പന്ന വിഭാഗങ്ങളിൽ മാത്രമാണ് തീരുവ ഇളവുകൾ നൽകുന്നത്. ക്ഷീരോൽപ്പാദന മേഖലയും ചില കാർഷിക ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള സുപ്രധാന മേഖലകൾക്ക് ഇന്ത്യ സംരക്ഷണം തുടരും.

ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില മത്സരക്ഷമമാക്കാനും ന്യൂസിലൻഡ് വിപണിയിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും പുതിയ കരാറിലൂടെ സാധിക്കും. ഇത് ഇന്ത്യൻ കമ്പനികൾക്ക് കയറ്റുമതി വർധിപ്പിക്കാനും പുതിയ വിപണികൾ കണ്ടെത്താനും സഹായകമായേക്കും. പ്രത്യേകിച്ച് വിദേശ വിപണികളിൽ സാന്നിധ്യം ശക്തമാക്കാൻ ശ്രമിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കരാർ പുതിയ അവസരങ്ങൾ സൃഷ്ടിച്ചേക്കും.

വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, മരുന്നുകൾ, ഭക്ഷ്യസംസ്കരണ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകൾക്ക് വ്യാപാര കരാർ ഗുണകരമായേക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അനുകൂലമായ വിപണിപ്രവേശനം ലഭിക്കുന്നതിലൂടെ കയറ്റുമതിക്കാർക്ക് അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാനുള്ള സാധ്യതയും വർധിക്കും.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുക, വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, സാമ്പത്തിക സഹകരണം വർധിപ്പിക്കുക എന്നിവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. വ്യാപാരത്തിനൊപ്പം നിക്ഷേപം, ബിസിനസ് സഹകരണം തുടങ്ങിയ മേഖലകളിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

അതേസമയം, കരാറിന്റെ നേട്ടങ്ങൾ ഓരോ ഉൽപ്പന്നത്തിനും ബാധകമായ തീരുവ വ്യവസ്ഥകളെയും വിപണിയിലെ ആവശ്യകതയെയും ആശ്രയിച്ചിരിക്കും. പുതിയ കരാർ ഇന്ത്യൻ കയറ്റുമതിയിൽ എത്രത്തോളം വളർച്ച സൃഷ്ടിക്കുമെന്നത് വരും മാസങ്ങളിലെ വ്യാപാര കണക്കുകൾ വ്യക്തമാക്കും.

Content Highlights:India New Zealand FTA, India New Zealand Trade Agreement, Free Trade Agreement 2026, Indian Exports, New Zealand

To advertise here,contact us