യുപിയിലെ ഗ്രേറ്റർ നോയിഡയിൽ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റുമായി ലുലു ഗ്രൂപ്പ്

35-ലധികം രാജ്യങ്ങളിൽ പ്രവർത്തനസാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 285-ലധികം റീട്ടെയിൽ സ്റ്റോറുകളും 24 ഷോപ്പിങ് മാളുകളുമുണ്ട്

ഗ്രേറ്റർ നോയിഡ: ഇന്ത്യയിലെ റീട്ടെയിൽ രംഗത്തെ സാന്നിധ്യം വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ഐ-തംസ് ഗലേറിയ മാളിലാണ് ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഡൽഹി–എൻസിആർ മേഖലയിലെ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഉദ്ഘാടനച്ചടങ്ങിൽ ഉത്തർപ്രദേശ് ഖാദി, ഗ്രാമവ്യവസായം, സെറികൾച്ചർ, കൈത്തറി, ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി രാകേഷ് സചാൻ, കരിമ്പ് വികസന-പഞ്ചസാര മിൽസ് വകുപ്പ് സഹമന്ത്രി സഞ്ജയ് സിങ് ഗംഗ്വാർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി എന്നിവർ പങ്കെടുത്തു. സർക്കാർ പ്രതിനിധികളും ലുലു ഗ്രൂപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിന്റെ ഭാഗമായി.

പുതിയ ഹൈപ്പർമാർക്കറ്റിൽ പഴം, പച്ചക്കറി ഉൾപ്പെടെയുള്ള ഫ്രഷ് ഉൽപ്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് എന്നിവ ലഭ്യമാകും. ഇതിന് പുറമെ ഇൻ-ഹൗസ് ബേക്കറിയും റെഡി-ടു-ഈറ്റ് ഭക്ഷണ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കൊപ്പം പ്രാദേശിക ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും അഭിരുചികൾക്കും അനുയോജ്യമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

ഉത്തർപ്രദേശിലും ഡൽഹി–എൻസിആർ മേഖലയിലും ലുലു ഗ്രൂപ്പിന്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ ഹൈപ്പർമാർക്കറ്റെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ (ഉത്തർപ്രദേശ്, ഡൽഹി എൻസിആർ, തെലങ്കാന) ജയകുമാർ ഗംഗാധരൻ പറഞ്ഞു. ഗുണമേന്മ, വൈവിധ്യം, മികച്ച മൂല്യം എന്നിവ ഒരേ കുടക്കീഴിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

35-ലധികം രാജ്യങ്ങളിൽ പ്രവർത്തനസാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 285-ലധികം റീട്ടെയിൽ സ്റ്റോറുകളും 24 ഷോപ്പിങ് മാളുകളുമുണ്ടെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് ഹൈപ്പർമാർക്കറ്റുകളിലൂടെയും ഷോപ്പിങ് മാളുകളിലൂടെയും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗ്രേറ്റർ നോയിഡയിലെ പുതിയ സംരംഭം.

ചടങ്ങിൽ ഹാരീസ് ബീരാൻ എം.പി, ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ, ജെവാർ എംഎൽഎ ധീരേന്ദ്രസിങ്ങ്, പ്രതിപക്ഷ നേതാവ് ജാസ്മിൻ അൻസാരി, ഇന്റഗ്രൽ സർവകലാശാല ചാൻസലർ പ്രൊഫ. എസ്. ഡബ്ല്യു. അക്തർ ലുലു​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫലി, ലുലു ഇന്ത്യ സി.ഒ.ഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫ് ,ലുലു ഗ്രൂപ്പ് ഡയറക്ടർ (ഉത്തർപ്രദേശ്, ഡൽഹി എൻസിആർ, തെലങ്കാന) ജയകുമാർ ഗംഗാധരൻ, തുടങ്ങിയവർ പങ്കെടുത്തു.

Content Highlights:

To advertise here,contact us