എണ്ണയ്ക്ക് അപ്പുറം പുതിയ സഖ്യം; ധാതുക്കൾ മുതൽ വിമാന സർവീസുകൾ വരെ, ഇന്ത്യ–യുഎഇ ബന്ധം ഇനി വേറെ ലെവൽ

ഇരുരാജ്യങ്ങളും 2032ഓടെ ഉഭയകക്ഷി വ്യാപാരം 200 ബില്യൺ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ്

ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം ഇനി വ്യാപാരത്തിൽ മാത്രം ഒതുങ്ങാതെ നിർണായക ധാതുക്കൾ , സംയുക്ത നിക്ഷേപങ്ങൾ, വ്യോമ ഗതാഗതം തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി .

ആഗോള വിതരണ ശൃംഖലകൾ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും യുഎഇയും ചേർന്ന് മൂന്നാം രാജ്യങ്ങളിൽ നിക്ഷേപം നടത്താനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, സെമികണ്ടക്ടറുകൾ, നവീകരണ ഊർജ പദ്ധതികൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ ഭാവി സാങ്കേതിക മേഖലകൾക്ക് നിർണായകമായ ലിഥിയം, കോബാൾട്ട്, നിക്കൽ, ചെമ്പ് തുടങ്ങിയ ധാതുക്കളുടെ സുരക്ഷിതമായ ലഭ്യത ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

ഇവയുടെ ഖനനം, സംസ്കരണം, വിതരണ ശൃംഖല വികസനം എന്നിവയിൽ ഇന്ത്യയും യുഎഇയും മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാമെന്നാണ് യുഎഇ മന്ത്രിയുടെ നിർദേശം.ആഗോള തലത്തിൽ വിതരണ ശൃംഖലകൾ പുനഃക്രമീകരിക്കപ്പെടുന്ന സാഹചര്യത്തിൽ ഒറ്റ രാജ്യത്തെ ആശ്രയിക്കുന്ന രീതിയിൽ നിന്ന് മാറി കൂടുതൽ സുരക്ഷിതമായ ധാതു വിതരണ സംവിധാനം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാപാരത്തിൽ നിന്ന് സംയുക്ത നിക്ഷേപത്തിലേക്ക്

ഇന്ത്യ–യുഎഇ ബന്ധത്തിന്റെ അടുത്ത ഘട്ടം വെറും വ്യാപാര വളർച്ചയല്ലെന്നും, മറിച്ച് സംയുക്ത നിക്ഷേപങ്ങൾ, വ്യവസായ പങ്കാളിത്തങ്ങൾ, സഹനിക്ഷേപ പ്ലാറ്റ്‌ഫോമുകൾ, സാമ്പത്തിക ബന്ധങ്ങൾ എന്നിവയിലേക്കാണ് നീങ്ങേണ്ടതെന്നും അൽ മർറി പറഞ്ഞു. ഇരുരാജ്യങ്ങളും 2032ഓടെ ഉഭയകക്ഷി വ്യാപാരം 200 ബില്യൺ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള നിലവിലെ വ്യോമ സേവന കരാറിലെ സീറ്റ് പരിധി പൂർണമായും ഉപയോഗിച്ചുകഴിഞ്ഞതായി യുഎഇ മന്ത്രി പറഞ്ഞു. കൂടുതൽ വിമാന സർവീസുകൾക്കും സീറ്റ് ശേഷി വർധിപ്പിക്കുന്നതിനുമായി കരാർ പുതുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സീറ്റ് ശേഷി വർധിപ്പിക്കുന്നത് വിമാന നിരക്ക് കുറയ്ക്കാനും ഇന്ത്യയിലെ കൂടുതൽ നഗരങ്ങളെ യുഎഇയുമായി ബന്ധിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ നിന്നുള്ള കണക്റ്റിവിറ്റി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വലിയ സാന്നിധ്യം യുഎഇയിൽ ഉള്ളതിനാൽ മികച്ച വ്യോമ ബന്ധം വ്യാപാരം, ടൂറിസം, തൊഴിൽ അവസരങ്ങൾ എന്നിവയ്ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ 100 ബില്യൺ ഡോളറിലധികം എത്തിയ ഇന്ത്യ–യുഎഇ വ്യാപാര ബന്ധത്തെ അടുത്ത ഘട്ടത്തിൽ 200 ബില്യൺ ഡോളറിലേക്ക് ഉയർത്താൻ വ്യോമ ബന്ധവും നിർണായക പങ്ക് വഹിക്കുമെന്നാണ് യുഎഇയുടെ നിലപാട്.

എണ്ണയും വ്യാപാരവും കടന്ന് ഭാവിയിലെ സാങ്കേതിക വിഭവങ്ങളിലേക്കും ആഗോള വിതരണ ശൃംഖലകളിലേക്കുമാണ് ഇന്ത്യ–യുഎഇ പങ്കാളിത്തം നീങ്ങുന്നത്.

Content Highlights: Trilateral critical mineral deals, wider air pact key to India-UAE ties ahead, says UAE Minister

To advertise here,contact us