2026 മാര്‍ച്ച് വരെ രാജ്യത്ത് 2.40 ലക്ഷം കോടി നിക്ഷേപം; 14.15 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിച്ചതായി സര്‍ക്കാര്‍

പിഎല്‍ഐ പദ്ധതികള്‍ ആരംഭിച്ചതിന് ശേഷം 15.2 ലക്ഷം കോടിയിലധികം മൂല്യമുള്ള കയറ്റുമതി സാധ്യമായതായും വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ്

പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതികളിലൂടെ 2026 മാര്‍ച്ച് വരെ 2.40 ലക്ഷം കോടിയിലധികം നിക്ഷേപം രാജ്യത്തിന് ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 14.15 ലക്ഷത്തിലധികം നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു.

വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ് ലോക്‌സഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിഎല്‍ഐ പദ്ധതികള്‍ ആരംഭിച്ചതിന് ശേഷം 15.2 ലക്ഷം കോടിയിലധികം മൂല്യമുള്ള കയറ്റുമതി സാധ്യമായതായും അദ്ദേഹം അറിയിച്ചു. ഇതിലൂടെ ആഗോള മൂല്യശൃംഖലയുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമായെന്നും മന്ത്രി പറഞ്ഞു.

പിഎല്‍ഐ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ച മേഖലകള്‍

  • ഹൈ എഫിഷ്യന്‍സി സോളാര്‍ പി.വി. മോഡ്യൂളുകള്‍-64,873 കോടി
  • ഫാര്‍മസ്യൂട്ടിക്കല്‍സ്-45,158 കോടി
  • ഓട്ടോമൊബൈല്‍, ഓട്ടോ ഘടകങ്ങള്‍-44,326 കോടി
  • സ്‌പെഷ്യാലിറ്റി സ്റ്റീല്‍-23,896 കോടി
  • വന്‍തോതിലുള്ള ഇലക്ട്രോണിക്‌സ് നിര്‍മ്മാണം-20,580 കോടി

രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും, നിക്ഷേപം ആകര്‍ഷിക്കാനും, കയറ്റുമതി ശക്തിപ്പെടുത്താനും, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനുമായി 14 മേഖലകളിലാണ് കേന്ദ്രസര്‍ക്കാര്‍ പിഎല്‍ഐ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പദ്ധതിയുടെ ഭാഗമായി 2026 ജൂണ്‍ 30 വരെ 219 ഇന്‍ക്യുബേറ്ററുകള്‍ തിരഞ്ഞെടുക്കപ്പെട്ടതായി മന്ത്രി അറിയിച്ചു. പദ്ധതിക്ക് അനുവദിച്ച ആകെ തുക 945 കോടിയാണ്. ഇതില്‍ ഇതുവരെ വിതരണം ചെയ്തത് 650 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2021 മുതല്‍ 2026 വരെ ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ 15.9 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതായും മന്ത്രി അറിയിച്ചു.

Content Highlights: India’s PLI schemes have attracted over ₹2.40 lakh crore in investments, generated 14.15 lakh jobs and driven exports worth more than ₹15.2 lakh crore as of March 2026, the government said

To advertise here,contact us