കേരളത്തിലെ സ്വർണാഭരണ വിപണിയിൽ സുപ്രധാന മാറ്റം: 18 കാരറ്റ് സ്വർണത്തിനും ഇനി ഏകീകൃത വില

വിവിധ ജ്വല്ലറികൾ 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് വ്യത്യസ്തമായ വിലകളാണ് ഈടാക്കി വന്നിരുന്നത്

3 min read|14 Jul 2026, 11:00 am

കൊച്ചി: സംസ്ഥാനത്തെ സ്വർണാഭരണ വിപണിയിൽ സുപ്രധാന മാറ്റത്തിന് വഴിതുറന്നുകൊണ്ട് 18 കാരറ്റ് സ്വർണത്തിനും ഏകീകൃത വില നിലവാരം ഏർപ്പെടുത്താൻ തീരുമാനം. കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിലെ പ്രമുഖ അസോസിയേഷനുകളുടെ സംയുക്ത യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. നിലവിൽ കേരളത്തിൽ വിവിധ ജ്വല്ലറികൾ 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് വ്യത്യസ്തമായ വിലകളാണ് ഈടാക്കി വന്നിരുന്നത്. ഇതിന് പരിഹാരം കാണാനും വിലനിലവാരം ഏകീകരിക്കാനുമായി വളരെക്കാലമായി ചർച്ചകൾ നടന്നുവരികയായിരുന്നു.

വില ഏകീകരിക്കുന്നതിലൂടെ വിപണിയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ സാധിക്കുമെന്നും ഇത് ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഈ പരിഷ്കാരത്തോടെ സംസ്ഥാനത്ത് 18 കാരറ്റ് ആഭരണങ്ങളുടെ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

നിലവിലെ മൊത്തം സ്വർണ്ണവിപണിയുടെ 20 ശതമാനം വ്യാപാര ലക്ഷ്യത്തിലേക്ക് 18 കാരറ്റ് ആഭരണങ്ങൾക്ക് എത്തിച്ചേരാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു.

സംയുക്ത യോഗത്തിൽ പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. ബി. ഗോവിന്ദൻ (എകെജിഎസ്എംഎ), കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ (കെജിഎസ്എംഎ), എം. പി. അഹമ്മദ്, എ. കെ. നിഷാദ്, ഓ. അഷർ (കെജെഎഫ്), ഷാജു ചിറയത്ത് (കെജിഎസ്ഡിഎ) എന്നിവർ സംസാരിച്ചു.

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് . ഇന്ന് (ജൂലൈ 14) കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,04,720 രൂപയാണ് നിരക്ക്. ഗ്രാമിന് 13,090 രൂപയിലും വ്യാപാരം നടക്കുന്നു. ഇന്നലെ പവന് 1,04,800 രൂപയായിരുന്ന വിലയിൽ നിന്നാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. അതായത് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,280 രൂപയും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,710 രൂപയുമാണ് ഇന്നത്തെ വില. പണിക്കൂലിയും ജിഎസ്ടി-യും ഉൾപ്പെടെ നിലവിലെ നിരക്കിൽ ഒരു പവൻ 22 കാരറ്റ് സ്വർണം ആഭരണമായി വാങ്ങാൻ ഉപഭോക്താക്കൾ ഏകദേശം 1,13,255 രൂപയോളം നൽകേണ്ടിവരും.

Content Highlights: Kerala's gold jewellery market has introduced a uniform pricing system for 18-karat gold, marking an important change in the state's jewellery trade. The move is expected to bring greater consistency and transparency to gold pricing, making it easier for customers to compare rates across jewellers and understand the market value of 18-karat gold jewellery.

To advertise here,contact us