E20 പെട്രോൾ ആണ് രാജ്യമെങ്ങും ചർച്ചാവിഷയം. മിശ്രിത പെട്രോൾ ഉപയോഗിച്ചതിന് പിന്നാലെ വാഹനങ്ങൾ കേടുവരുന്നുവെന്നും മറ്റും ആരോപിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. പലരും വാഹന ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും സഹിതമാണ് രംഗത്തുവന്നത്. ഇങ്ങനെയിരിക്കെ E25 പെട്രോൾ പുറത്തിറക്കാനുള്ള ശ്രമങ്ങളും കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഇപ്പോൾ E20 വിവാദങ്ങളിൽ ഒരു വെല്ലുവിളിയുമായി രംഗത്തുവന്നിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
E20 പെട്രോൾ അടിച്ചതുമൂലം കേടുവന്ന ഏതെങ്കിലും ഒരു കാർ കാണിച്ചുതരാനാണ് കേന്ദ്രമന്ത്രിയുടെ വെല്ലുവിളി. E20 മൂലം ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ, ഒരു കേസ് എങ്കിലും കാണിച്ചുതരൂ എന്നാണ് അദ്ദേഹം വെല്ലുവിളിച്ചത്. വ്യാജ വാർത്തകളും മറ്റുമാണ് പ്രചരിക്കുന്നത്. ഇതെല്ലാം പെയ്ഡ് ക്യാമ്പയിനുകളാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, E20 നയവുമായി ബന്ധപ്പെട്ട് നിതിൻ ഗഡ്കരിയുടെ മകന്റെ കമ്പനി നേടിയത് വൻ നേട്ടമെന്ന് റിപ്പോർട്ട്. പെട്രോളിൽ എഥനോൾ ചേർക്കാനുള്ള നയം തുടങ്ങുമ്പോൾ 40 രൂപയായിരുന്നു സിയാൻ അഗ്രോ എന്ന കമ്പനിയുടെ ഓഹരിവില. ഒന്നര വർഷം കൊണ്ട് ഓഹരി കുതിച്ചത് 3600 രൂപയിലേക്കാണ്. ലാഭമാകട്ടെ 10 ലക്ഷം രൂപയിൽ നിന്നും 52 കോടിയിലേക്കും കുതിച്ചു. എഥനോൾ വിവാദത്തിൽ ഉൾപ്പെട്ട ഈ കമ്പനിയുടെ നേതൃ സ്ഥാനത്തുള്ളത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരിയാണ്. ഇതാണ് വിവാദങ്ങൾക്ക് ചൂടുപിടിപ്പിക്കുന്നത്.
മറ്റൊരു കമ്പനി മാനസ് അഗ്രോക്കും കുടുംബബന്ധമുണ്ടെന്നാണ് വിമർശനം.എന്നാൽ ഈ ആരോപണങ്ങൾ നിതിൻ ഗഡ്കരി നിഷേധിച്ചു. E20 നയം വരുന്നതിന് മുമ്പേ കമ്പനികൾ പ്രവർത്തനം തുടങ്ങിയതാണെന്നും, രാജ്യത്തെ മൊത്തം എഥനോൾ ഉൽപാദനത്തിൽ അവരുടെ പങ്ക് വളരെ ചെറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. എഥനോൾ കരാറുകൾ നൽകുന്നത് പെട്രോളിയം മന്ത്രാലയമാണെന്നും, തനിക്ക് അതിൽ പങ്കില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ പ്രതിപക്ഷം ഇതിനെതിരെ ശക്തമായ ഭാഷയിലാണ് വിമർശിക്കുന്നത്.
അച്ഛൻ നയം രൂപപ്പെടുത്തുന്നു, മക്കൾ ലാഭമുണ്ടാക്കുന്നു എന്ന പരാമർശത്തോടെയാണ് കോൺഗ്രസ് ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ചത്.
ഭക്ഷ്യഎണ്ണ നിർമാതാക്കളായിരുന്ന സിയാൻ അഗ്രോ ഇൻഡസ്ട്രീസ് പിന്നീട് എഥനോൾ മേഖലയിലേക്ക് അതിവേഗം പ്രവേശിക്കുകയായിരുന്നു. 2023 ഏപ്രിലിൽ കേന്ദ്ര സർക്കാർ E20 എഥനോൾ മിശ്രിത ഇന്ധന നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ വ്യാപനത്തിന് വേഗം കൂടിയത്. 2024 ജനുവരിയിൽ കാർബൺ ഡയോക്സൈഡിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കുന്ന പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു.
അതേ കാലയളവിൽ പഞ്ചസാര നിർമാണ കമ്പനിയായ സെക്-വൺ സെയിൽസ് ഏറ്റെടുത്ത സിയാൻ, നിതിൻ ഗഡ്കരിയുടെ ഇളയ മകൻ സാരംഗ് ഗഡ്കരിയുമായി ബന്ധമുള്ള മാനസ് അഗ്രോയെയും ഗ്രൂപ്പിന്റെ ഭാഗമാക്കി. ഇതോടെ എഥനോൾ ഉൽപാദനത്തിനാവശ്യമായ പഞ്ചസാര-ഡിസ്റ്റിലറി ശൃംഖലയിലേക്കുള്ള കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തമായി.
ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഭക്ഷ്യഎണ്ണ കമ്പനിയിൽ നിന്ന് വിവിധ മേഖലകളിലേക്ക് വ്യാപിച്ച ഒരു ബഹുമുഖ വ്യവസായ ഗ്രൂപ്പായി സിയാൻ അഗ്രോ വളർന്നു. ഇന്ന് കൃഷി, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, പഞ്ചസാര, വൈദ്യുതി, വളം, ഡിസ്റ്റിലറി, എൽപിജി, മോട്ടോർ സ്പിരിറ്റ്, ഇന്ത്യൻ നിർമിത വിദേശ മദ്യം (IMFL), നാടൻ മദ്യം എന്നിവ ഉൾപ്പെടെ നിരവധി മേഖലകളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.
2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വെറും 17 കോടി രൂപ മാത്രമായിരുന്നു സിയാൻ അഗ്രോയുടെ പ്രവർത്തന വരുമാനം. എന്നാൽ 2026 ജൂൺ പാദത്തിൽ അത് 511 കോടി രൂപയായി ഉയർന്നു.
ഇതേ കാലയളവിൽ കമ്പനിയുടെ അറ്റലാഭം 10 ലക്ഷം രൂപയിൽ നിന്ന് 52 കോടി രൂപയിലേക്കും കുതിച്ചുയർന്നു. ഏകദേശം 20 മാസത്തിനിടെ, കമ്പനിയുടെ ഓഹരി വില 40 രൂപയിൽ നിന്ന് 3,600 രൂപ വരെയെത്തിയതും ശ്രദ്ധേയമായി.അതേസമയം, കമ്പനിയുടെ പരമ്പരാഗത ബിസിനസുകളിൽ നിന്നുള്ള വരുമാനം ഏകദേശം 100 കോടി രൂപ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശേഷിക്കുന്ന 400 കോടിയിലധികം രൂപയുടെ വരുമാനം കമ്പനിയുടെ സബ്സിഡിയറി സ്ഥാപനങ്ങളിൽ നിന്നാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സമീപകാലത്ത് സിയാൻ അഗ്രോയുടെ ഓഹരി വിലയിൽ ഇടിവും രേഖപ്പെടുത്തുകയാണ്. നിലവിൽ 1,537.65 രൂപ നിലവാരത്തിലാണ് ഓഹരിയിൽ വ്യപാരം നടക്കുന്നത്.
Content Highlights: The Union Minister challenged critics to produce a single verified case of vehicle damage caused by E20 petrol, stating that no such incidents have been officially reported.