രാജ്യത്ത് പാചകവാത വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്. ഗാർഹിക പാചക വാതക വിലയാണ് കേന്ദ്രസർക്കാർ കൂട്ടിയിരിക്കുന്നത്. 29 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ ഗാർഹിക എൽപിജിയുടെ വില 942 രൂപയായി. കോഴിക്കോട് ഗാർഹിക എൽപിജി സിലിണ്ടറിന് 950.50 രൂപയാണ്.
മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം ഏഴിന് 60 രൂപ കൂട്ടിയിരുന്നു. ജൂണിൽ വാണിജ്യ എൽപിജി വിലയിൽ 42 രൂപ വർധിപ്പിച്ചിരുന്നു. ഇങ്ങനെ വർധനവ് ഉണ്ടായിരിക്കെ പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം ലഭിക്കുന്ന സിലിണ്ടറുകളുടെ വില 642 രൂപ മാത്രമാണ്. 300 രൂപയുടെ കുറവാണ് ഈ സിലിണ്ടറുകൾക്കുള്ളത്.
ഇങ്ങനെയെല്ലാമിരിക്കെ ഇന്ത്യയിലെ പാചകവാത വില നമ്മുടെ അയൽരാജ്യങ്ങളെയും ചില പ്രധാന രാജ്യങ്ങളെയും അപേക്ഷിച്ച് കുറവ് തന്നെയാണ്. പാകിസ്താനിൽ 14.2 കിലോഗ്രാമിന്റെ ഒരു സിലിണ്ടറിന് 1046 രൂപയാണ്. നേപ്പാളിൽ 1207 രൂപയാണ് വില. ബംഗ്ലാദേശിൽ 1225 രൂപയും ശ്രീലങ്കയിൽ 1241 രൂപയുമാണ്.
അയൽരാജ്യങ്ങൾ മാത്രമല്ല പ്രധാനപ്പെട്ട ലോകരാജ്യങ്ങളിലെ പാചകവാത വില മുകളിലേക്ക് തന്നെയാണ്. യുഎസിൽ പാചകവാതകത്തിന് 1755 രൂപ കൊടുക്കണം. ഓസ്ട്രേലിയയിൽ 1765 രൂപയും കാനഡയിൽ 2411 രൂപയും കൊടുക്കണം.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയാണ് പാചകവാത വില ഉയരാൻ കാരണം. ഇന്ത്യയിലെ വില താരതമ്യേന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടം സഹിക്കുന്നുണ്ട്. ഇതിന് പുറമെ കേന്ദ്രസർക്കാർ നേരത്തെ 30000 കോടിയുടെ സഹായവും നൽകിയിരുന്നു.
Content Highlights: India’s domestic cooking gas (LPG) price remains lower compared to several neighboring South Asian countries. A 14.2 kg cylinder costs 1046 rupees in Pakistan, 1207 rupees in Nepal, 1225 rupees in Bangladesh, and 1241 rupees in Sri Lanka, highlighting India’s relatively more affordable LPG pricing structure.