വില വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി; മേയിലും മികച്ച പ്രതിമാസ വില്‍പനയെന്ന നേട്ടം മാരുതിക്ക് തന്നെ

ഈ വര്‍ഷം മാരുതി പ്രഖ്യാപിച്ച രണ്ടാമത്തെ വിലവര്‍ദ്ധനവാണിത്. 2026 ജനുവരിയിലും മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ബ്രാന്‍ഡുകളുടെ വില വര്‍ധിപ്പിച്ചിരുന്നു

ഇന്ത്യക്കാരുടെ ഇഷ്ട വാഹനമായ മാരുതി സുസുക്കി വിവിധ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നു. ജൂണ്‍ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകളുടെ നിര്‍മാണത്തിനുള്ള വസ്തുക്കളുടെ വില വര്‍ധനയും നിര്‍മാണ ചെലവുമാണ് വിലവര്‍ധനക്ക് കാരണമാവുന്നത്. നിലവിലെ ഇന്ത്യയുടെ പണപ്പെരുപ്പവും പ്രതികൂലമായെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും അത് ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ വര്‍ഷം മാരുതി പ്രഖ്യാപിച്ച രണ്ടാമത്തെ വിലവര്‍ദ്ധനവാണിത്. 2026 ജനുവരിയിലും മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ബ്രാന്‍ഡുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. കാറുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ മേലുള്ള ഭാരം പരമാവധി ലഘുകരിക്കാന്‍ ഉള്ള നടപടികള്‍ തുടരുമെന്ന് കമ്പനി അറിയിച്ചു.

വിവിധ നിര്‍മാതാക്കള്‍ 2027 സാമ്പത്തിക വര്‍ഷത്തില്‍ കാറുകള്‍ക്ക് വില കൂട്ടും എന്ന് പ്രഖ്യാപിച്ചിരുന്നു. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എന്നിവര്‍ 0.5 ശതമാനം മുതല്‍ 2.5 ശതമാനം വരെ വില കൂട്ടും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് ശേഷമാണ് മാരുതി സുസുക്കിയും അവരുടെ നിലപാട് അറിയിച്ചത്.

വാഹനങ്ങളുടെ വില സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വാഹന നിര്‍മാതാക്കള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിലവര്‍ദ്ധനവ് അവരുടെ എല്ലാ മോഡലുകള്‍ക്കും ബാധകമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പനയെന്ന നേട്ടം 2026 മെയ് മാസത്തില്‍ മാരുതി സുസുക്കി സ്വന്തമാക്കിയിരുന്നു. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി 2,42,688 വാഹനങ്ങളാണ് മാരുതി സുസുക്കി മേയ് മാസത്തില്‍ വിറ്റഴിച്ചത്. പാസഞ്ചര്‍ കാറുകള്‍, എസ് യുവികള്‍, ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ എന്നിവക്കെല്ലാം വിപണിയില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയാണ് മാരുതി സുസുക്കിയെ വില്‍പനയുടെ സര്‍വകാല റെക്കോഡിലേക്കെത്തിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ മാത്രം 1,95,535 വാഹനങ്ങള്‍ മാരുതി സുസുക്കി മെയ് മാസത്തില്‍ വിറ്റഴിച്ചു. ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിക്കുള്ള മേല്‍ക്കൈ തുടരുമെന്ന സൂചനയാണിത്. ജനപ്രിയ മോഡലുകളായ മാരുതി സുസുക്കി ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍, വാഗണ്‍ ആര്‍, ഫ്രോങ്സ് എന്നിവയെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. ആള്‍ട്ടോയും എസ് പ്രസോയും പോലുള്ള ചെറിയ കാര്‍ വിഭാഗവും വില്‍പനയില്‍ കുതിപ്പു രേഖപ്പെടുത്തി.

Content Highlights: Maruti Suzuki has increased prices across several models from June, citing rising input and manufacturing costs, marking its second price hike of 2026

To advertise here,contact us