രാജ്യത്ത് ഇന്ധന വില വർധിച്ചുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ 8 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 10 രൂപ വരേയ്ക്കും കൂട്ടിയാലേ ഇന്ധന കമ്പനികളുടെ നഷ്ടത്തിൽ കുറവുണ്ടാകൂ എന്നതിനാൽ ഇനിയും വില കൂടും എന്നുതന്നെയാണ് കണക്കുകൂട്ടൽ.
ഇതിനിടെ സംസ്ഥാനങ്ങൾ ഇന്ധനത്തിന് മേൽ ചുമത്തുന്ന വാറ്റ് നികുതിയും വിലയെ സ്വാധീനിക്കാറുണ്ട്. ഉയർന്ന വാറ്റ് പെട്രോൾ, ഡീസൽ എന്നിവയുടെ വില കൂടിനിൽക്കാൻ തന്നെയാണ് സഹായിക്കുക. ഇന്ധന വില ഇത്തരത്തിൽ വർധിക്കുമ്പോൾ തങ്ങളുടെ നികുതി കുറയ്ക്കാൻ ചില സംസ്ഥാനങ്ങൾ മുൻപ് തയ്യാറായിട്ടുണ്ട്.
എന്നാൽ ഇപ്പോൾ തെലങ്കാനയിൽ നിന്ന് ഒരു വിവാദം ഉയർന്നിരിക്കുകയാണ്. രാജ്യത്ത് ഇന്ധനവില ഏറ്റവും ഉയർന്നുനിൽക്കുന്നത് തെലങ്കാനയിലാണ്. 117.15 ആണ് ഒരു ലിറ്റർ പെട്രോളിന്റെ വില. 103.82 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. ഇതിന് കാരണമാകട്ടെ, ഉയർന്ന സംസ്ഥാന നികുതിയുമാണ്. ഇത് കുറയ്ക്കണം എന്നാവശ്യപ്പെട്ട് രേവന്ത് റെഡ്ഡിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ബിആർഎസ്.
ബിആർഎസ് നേതാവും നിയമസഭാ കക്ഷി നേതാവുമായ ടി ഹരീഷ് റാവുവാണ് വാറ്റ് കുറയ്ക്കാനാവശ്യപ്പെട്ട് രേവന്ത് റെഡ്ഡിക്കെതിരെ രംഗത്തുവന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. തെലങ്കാന പെട്രോളിന് മേൽ 35.2 ശതമാനവും ഡീസലിന് മേൽ 27 ശതമാനവുമാണ് നികുതി ഏർപ്പെടുത്തുന്നത്. ഇത് ഇന്ത്യയിലെതന്നെ ഏറ്റവും ഉയർന്ന നിരക്കുമാണ്. ഈ നികുതി മൂലം ജനങ്ങൾ അധികഭാരം അനുഭവിക്കുന്നുവെന്നും ഹരീഷ് റാവു കത്തിൽ പറയുന്നു.
അധികാരത്തിൽ വന്നാൽ ഇന്ധനവില കുറയ്ക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നതായും അദ്ദേഹം മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു. ഇന്ധന വില വർധനവ് മൂലം ദരിദ്ര കുടുംബങ്ങൾ, ഇടത്തരം ആളുകൾ, കർഷകർ, ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ, വ്യാപാരികൾ എന്നിവർ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞത് 10 ശതമാനമെങ്കിലും വാറ്റ് കുറയ്ക്കണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും അദ്ദേഹം കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനാൽ മൂന്ന് 'F'കളിൽ ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഫ്യൂവൽ, ഫെർട്ടിലൈസർ, ഫോറെക്സ് ( ഇന്ധനം, വളം, വിദേശനാണ്യ ശേഖരം) എന്നിവയിൽ ജാഗ്രത പുലർത്തണമെന്നാണ് നിർമ്മലാ സീതാരാമൻ പറയുന്നത്. അനാവശ്യ ഇറക്കുമതി ഒഴിവാക്കാനും വിദേശ യാത്രകൾ മാറ്റിവെക്കാനുമുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
മുംബൈയിലെ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിപാടിക്കിടെയാണ് ധനമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഇന്ധന വിലയിൽ വീണ്ടും വർധനവ് ഉണ്ടായ സാഹചര്യത്തിലാണ് പ്രസ്താവന. നഷ്ടം നേരിടുന്നതിനാൽ ആണ് എണ്ണ കമ്പനികൾ വില വർദ്ധിപ്പിച്ചതെന്നും 75 ദിവസമായി തുടർന്ന അസ്ഥിരത ജനങ്ങളെ ബാധിക്കാതിരിക്കാൻ ശ്രമിച്ച സർക്കാർ ആണിതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. എണ്ണ കമ്പനികൾ നേരിടുന്നത് ആയിരം കോടി രൂപ വരെ നഷ്ടമാണെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
Content Highlights: Telangana currently records the highest fuel prices in the country, with petrol priced at ₹117.15 per litre and diesel at ₹103.82. The high state tax imposed on fuel is being cited as the main reason behind the steep rates. The Bharat Rashtra Samithi (BRS) has intensified its attack against Chief Minister Revanth Reddy, demanding an immediate reduction in state taxes to provide relief to the public amid rising living costs.