2021ന് ശേഷം ആദ്യമായി 25,000 മെട്രിക് ടണ്‍ സോയമീല്‍ കയറ്റുമതി കരാറുകള്‍ റദ്ദാക്കി ഇന്ത്യന്‍ വ്യാപാരികള്‍. ആഭ്യന്തര വിപണിയിലെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 80,000 ടണ്‍ സോയാബീന്‍ ഇറക്കുമതി ചെയ്യാനും അവര്‍ കരാറുകള്‍ നടത്തിയതായി വ്യാപാരികള്‍ അറിയിച്ചു.
സോയാബീന്‍ വിത്തില്‍ നിന്നും എണ്ണ വേര്‍തിരിച്ചെടുത്തതിനുശേഷം ബാക്കി വരുന്ന ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭാഗമാണ് സോയാമീല്‍. ഇത് മൃഗങ്ങളുടെ തീറ്റയില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിന്ന് സാധാരണയായി സോയമീല്‍ വാങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഇനി ദക്ഷിണ അമേരിക്കന്‍ വിതരണക്കാര്‍ കൂടുതല്‍ കയറ്റുമതി നടത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ വര്‍ധിച്ച സോയാബീന്‍ വാങ്ങല്‍ ആഫ്രിക്കന്‍ കയറ്റുമതിക്കാര്‍ക്ക് ആഗോളതലത്തിലുള്ള വിലകളെക്കാള് ഉയര്‍ന്ന നിരക്കില്‍ വില്‍പ്പന നടത്താനുള്ള അവസരവും സൃഷ്ടിച്ചിരുന്നു.
ആഭ്യന്തര സോയാബീന്‍ വിലയില്‍ ഉണ്ടായ പെട്ടെന്നുള്ള വര്‍ധനവ് സോയമീല്‍ വിലയും ഉയര്‍ത്തിയതോടെ കയറ്റുമതി കരാറുകള്‍ പാലിക്കുന്നത് വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടായി മാറി. ''ടണ്ണിന് 200 ഡോളര്‍ വരെ വില ഉയര്‍ന്നത് വില്‍പ്പനക്കാര്‍ക്ക് സഹിക്കാനാകാത്ത സാഹചര്യം സൃഷ്ടിച്ചു. അതിനാല്‍ മേയ്, ജൂണ്‍ മാസങ്ങളിലെ കയറ്റുമതി കരാറുകള്‍ വാങ്ങുന്നവരുമായി പരസ്പര ധാരണയില്‍ റദ്ദാക്കുകയായിരുന്നു,'' ആഗോള വ്യാപാര സ്ഥാപനങ്ങളിലെ ഡീലര്‍മാര്‍ വ്യക്തമാക്കി. സോയമീല്‍ വ്യാപാര രംഗത്ത് ഇത്തരത്തിലുള്ള കരാര്‍ റദ്ദാക്കലുകള്‍ അപൂര്‍വമാണ്. വിലയില്‍ ഇത്ര വലിയ ചാഞ്ചാട്ടങ്ങള്‍ സാധാരണയായി ഉണ്ടാകാറില്ല.
സോയമീല്‍ ആഭ്യന്തര വില ഒരു മാസത്തിനിടെ 41 ശതമാനം ഉയര്‍ന്ന് മെട്രിക് ടണ്ണിന് 66,000 രൂപയായി. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സോയാബീന്‍ ഉല്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് വിപണിയിലെ ലഭ്യത കുറയുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഈ വിലവര്‍ധനയോടെ ജൂണ്‍ മാസത്തിലെ കയറ്റുമതി ചരക്കുകള്‍ക്കായുള്ള ഇന്ത്യന്‍ സോയമീല്‍ ഓഫര്‍ നിരക്ക് ഫ്രീ ഓണ്‍ ബോര്‍ഡ് (FOB) അടിസ്ഥാനത്തില്‍ മെട്രിക് ടണ്ണിന് ഏകദേശം 695 ഡോളറായി ഉയര്‍ന്നു. ഒരു മാസം മുമ്പ് ഇത് ഏകദേശം 475 ഡോളര്‍ മാത്രമായിരുന്നുവെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.
Content Highlights: India has cancelled 25,000 metric tons of soymeal export contracts as a surge in domestic soybean prices and falling production disrupted supply and made exports unviable