പണം ഉണ്ടെങ്കില്‍ സന്തോഷം വിലയ്ക്ക് വാങ്ങാൻ സാധിക്കുമോ? തലമുറകളായി മനുഷ്യൻ ചോദിച്ചുകൊണ്ടിരിക്കുന്ന, ഇപ്പോഴും തർക്കങ്ങൾ തുടരുന്ന ഒരു ചോദ്യമാണിത്. സന്തോഷം എന്നത് നല്ല ബന്ധങ്ങളിൽ നിന്നും ആരോഗ്യത്തിൽ നിന്നും ജീവിതലക്ഷ്യങ്ങളിൽ നിന്നുമാണ് ഉണ്ടാകുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോൾ, പണമുണ്ടെങ്കിൽ ദൈനംദിന ജീവിതത്തിലെ ഭൂരിഭാഗം പ്രശ്നങ്ങളും ഇല്ലാതാക്കാമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.
എന്നാൽ, ലോകകോടീശ്വരനായ ബിൽ ഗേറ്റ്സ് ഈ വിഷയത്തിൽ നടത്തിയ ചില തുറന്നുപറച്ചിലുകൾ ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. സാമ്പത്തിക ഭദ്രത തന്റെ ജീവിതത്തെ എങ്ങനെയാണ് കൂടുതൽ സന്തോഷമുള്ളതാക്കിയത് എന്ന് അദ്ദേഹം വളരെ ലളിതമായി വ്യക്തമാക്കുന്നു.
ബിൽ ഗേറ്റ്സ് പറഞ്ഞത്
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ നടന്ന ഒരു 'ആസ്ക് മീ എനിതിങ്' സെഷനിലാണ് ബിൽ ഗേറ്റ്സ് തന്റെ മനസ്സ് തുറന്നത്. "അളവറ്റ സമ്പത്ത് താങ്കളുടെ ജീവിതത്തിൽ യഥാർത്ഥ സന്തോഷം നൽകിയിട്ടുണ്ടോ?" എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് "ഉണ്ട്" എന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ ആ മറുപടി ആഡംബര ജീവിതത്തെക്കുറിച്ചായിരുന്നില്ല, മറിച്ച് അത് നൽകുന്ന സമാധാനത്തെക്കുറിച്ചായിരുന്നു.
"ആരോഗ്യ സംരക്ഷണത്തിനുള്ള ചിലവുകളെക്കുറിച്ചോ മക്കളുടെ വിദ്യാഭ്യാസ ചിലവുകളെക്കുറിച്ചോ എനിക്ക് ഇന്ന് ആകുലപ്പെടേണ്ടി വരുന്നില്ല. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഇത്തരം ചിന്തകളിൽ നിന്നും ആശങ്കകളിൽ നിന്നും പൂർണ്ണമായി മുക്തനാകാൻ കഴിയുക എന്നത് വലിയൊരു അനുഗ്രഹമാണ്." ബിൽ ഗേറ്റ്സ് പറഞ്ഞു.
പക്ഷേ, തന്റെ മറുപടിയോടൊപ്പം എല്ലാവരും ഓർക്കേണ്ട ഒരു പ്രധാന കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു. "തീർച്ചയായും, ഈയൊരു അവസ്ഥയിലെത്താൻ ഒരാൾക്ക് കോടീശ്വരൻ ആകേണ്ട കാര്യമൊന്നുമില്ല. ആഡംബരങ്ങളല്ല, മറിച്ച് അടിസ്ഥാനപരമായ 'സാമ്പത്തിക സ്ഥിരതയാണ്' മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അപ്രതീക്ഷിതമായി വരുന്ന ചികിത്സാച്ചിലവുകൾ, വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ചിലവുകൾ, കടങ്ങൾ, പണപ്പെരുപ്പം എന്നിവയാണ് ഇന്ന് സാധാരണക്കാരുടെ ജീവിതത്തെ ശ്വാസം മുട്ടിക്കുന്നത്. ബിൽ ഗേറ്റ്സ് പണത്തെ നിർവ്വചിച്ചത് വലിയ കൊട്ടാരങ്ങളോ സ്വകാര്യ വിമാനങ്ങളോ സ്വന്തമാക്കാനുള്ള വഴിയായല്ല, മറിച്ച് 'അനാവശ്യമായ ആശങ്കകളിൽ നിന്നുള്ള സ്വാതന്ത്ര്യം' ആയിട്ടാണ്. പണം കൊണ്ട് ആനന്ദം വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും 'മനസ്സമാധാനം' വാങ്ങാൻ കഴിയുമെന്ന് തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചത്.
പണവും സന്തോഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പതിറ്റാണ്ടുകളായി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗം പഠനങ്ങളും പറയുന്നത് 'കൂടുതൽ പണം എന്നാല്‍ കൂടുതൽ സന്തോഷം' എന്ന ലളിതമായ സമവാക്യമല്ല ഇതിന് പിന്നിലുള്ളതെന്നാണ്. നൊബേൽ സമ്മാന ജേതാവായ ഡാനിയൽ കഹ്നെമാനും സാമ്പത്തിക ശാസ്ത്രജ്ഞനായ ആംഗസ് ഡീറ്റണും 2010-ൽ നടത്തിയ പ്രശസ്തമായൊരു പഠനമനുസരിച്ച്, വരുമാനം കൂടുന്നതിനനുസരിച്ച് മനുഷ്യന്റെ മാനസികാവസ്ഥ മെച്ചപ്പെടും. കാരണം പണം ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളും സുരക്ഷിതത്വമില്ലായ്മയും കുറയ്ക്കുന്നു.
എന്നാൽ, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കിക്കഴിഞ്ഞാൽ (ഒരു നിശ്ചിത വരുമാന പരിധി കഴിഞ്ഞാൽ) പണം കൂടുന്നത് വഴി മാത്രം പ്രത്യേകമായി സന്തോഷം കൂടുന്നില്ലെന്നും ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. സമീപകാലത്ത് വന്ന മറ്റ് ചില പഠനങ്ങൾ പറയുന്നത്, പണം കൂടുന്നതിനനുസരിച്ച് ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യവും തീരുമാനങ്ങൾ എടുക്കാനുള്ള നിയന്ത്രണവും ലഭിക്കുമെന്നാണ്. ഇത് സന്തോഷം വർദ്ധിപ്പിക്കാൻ സഹായിക്കും. അതായത് തീവ്രമായ ദാരിദ്ര്യത്തിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുന്നതാണ്, കോടീശ്വരനാകുന്നതിനേക്കാൾ ഒരാൾക്ക് കൂടുതൽ സന്തോഷം നൽകുന്നത് എന്ന കാര്യത്തില്‍ എല്ലാ ഗവേഷകരും യോജിക്കുന്നു.
Content Highlights: A past response by Bill Gates on whether money can buy happiness has resurfaced online and gone viral. His remarks sparked discussion about the relationship between wealth, personal satisfaction, and quality of life, with many users sharing differing opinions on the role of money in happiness.