രൂപയെ പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐയുടെ അടിയന്തര നീക്കം; പലിശനിരക്ക് വര്‍ധനയും പരിഗണനയില്‍

ധനനയ പ്രഖ്യാപനം ജൂണ്‍ 5നാണെങ്കിലും, ആവശ്യമെങ്കില്‍ അതിന് മുമ്പുതന്നെ ആര്‍ബിഐ ഇടക്കാല നടപടികള്‍ സ്വീകരിച്ചേക്കും

ആഗോള അനിശ്ചിതത്ത്വങ്ങള്‍ക്കിടെ രൂപയുടെ മൂല്യം നാള്‍ക്കുനാള്‍ കൂപ്പുകുത്തുകയാണ്. ഡോളറിനെതിരെ 97നകരികെ എത്തിയതോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സാധ്യതകളും പരിഗണിച്ച് ആര്‍ബിഐ അടിയന്തര നീക്കങ്ങള്‍ ആരംഭിച്ചതായി ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു. പലിശനിരക്ക് ഉയര്‍ത്തുന്നതടക്കമുള്ള കടുത്ത നടപടികളും ആര്‍ബിഐയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.

അടുത്ത ധനനയ പ്രഖ്യാപനം ജൂണ്‍ 5നാണെങ്കിലും, ആവശ്യമെങ്കില്‍ അതിന് മുമ്പുതന്നെ ആര്‍ബിഐ ഇടക്കാല നടപടികള്‍ സ്വീകരിച്ചേക്കും. 2022 മേയിലും ആര്‍ബിഐ നിശ്ചിത ഷെഡ്യൂളിന് പുറത്തായി പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നു. ഡോളറിനെതിരെ വേഗത്തില്‍ ഇടിയുന്നതും ക്രൂഡ് ഓയില്‍ വിലക്കയറ്റവും ഇന്ത്യയുടെ കറന്‍സി വിപണിയില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. രൂപ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇടിയുന്നുവെന്ന ആശങ്ക നയരൂപീകരണ തലത്തില്‍ ശക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ബിഐ പരിഗണിക്കുന്ന പ്രധാന നടപടികളില്‍ ഒന്ന് പലിശനിരക്ക് വര്‍ധനയാണ്. പലിശനിരക്ക് ഉയര്‍ന്നാല്‍ വിദേശ നിക്ഷേപം വര്‍ധിക്കാനും രൂപയ്ക്ക് പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇത് വായ്പാച്ചെലവ് ഉയര്‍ത്തുകയും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാനുമുള്ള സാധ്യതയും നിലനില്‍ക്കുന്നു. വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്താന്‍ 'ഫോറക്‌സ് സ്വാപ്പ്' നടപടികളും ആര്‍ബിഐ പരിശോധിക്കുകയാണ്. ബാങ്കിങ് സംവിധാനത്തിലേക്ക് ദീര്‍ഘകാല ഡോളര്‍ ലിക്വിഡിറ്റി എത്തിക്കാന്‍ 500 കോടി ഡോളറിന്റെ ഡോളര്‍-രൂപ സ്വാപ്പ് ലേലം ആര്‍ബിഐ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രവാസി ഇന്ത്യന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ പ്രത്യേക ഡിപ്പോസിറ്റ് പദ്ധതികള്‍ അവതരിപ്പിക്കുന്നതും, സര്‍ക്കാര്‍ തലത്തില്‍ സോവറിന്‍ ഡോളര്‍ ബോണ്ട് പുറത്തിറക്കുന്നതും ചര്‍ച്ചയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള നടപടികള്‍ വഴി രാജ്യത്തേക്ക് കൂടുതല്‍ ഡോളര്‍ ഒഴുക്ക് ഉറപ്പാക്കാനാണ് ശ്രമം. ബുധനാഴ്ച രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 96.95 വരെ ഇടിഞ്ഞിരുന്നു. പിന്നീട് വ്യാഴാഴ്ച വ്യാപാരത്തില്‍ ചെറിയ തിരിച്ചുവരവ് രേഖപ്പെടുത്തി 96.45 നിലവാരത്തിലെത്തി. എന്നിരുന്നാലും ആശങ്ക തുടരുകയാണ്.

Content Highlights: The Reserve Bank of India is considering all of its available options to stabilize the rupee, including an interest rate hike, more currency swaps and raising dollars from investors overseas, according to people familiar with the matter.

To advertise here,contact us