ആ​ഗോള ഫാഷൻ ട്രെൻഡുകളുമായി ലുലു ഫാഷൻ വീക്ക് മെയ് 21 മുതൽ; അന്താരാഷ്ട്ര മോഡലുകൾ റാംപിൽ ചുവടുവയ്ക്കും

ഫാഷൻ മാമാങ്കത്തിന്റെ ഗ്രാൻഡ് ലോഞ്ച് പ്രശസ്ത നടിയും മോഡലുമായ ദീപ്തി സതി നിർവ്വഹിച്ചു

കൊച്ചി: ഫാഷൻ ലോകത്തെ മാറുന്ന കാഴ്ചകളും ആഗോള ട്രെൻഡുകളും കൊച്ചിയുടെ മണ്ണിലെത്തിച്ചുകൊണ്ട് ലുലു ഫാഷൻ വീക്കിന്റെ പത്താമത് എഡിഷന് മെയ് 21-ന് തുടക്കമാകും. നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ വമ്പൻ ഫാഷൻ മാമാങ്കത്തിന്റെ ഗ്രാൻഡ് ലോഞ്ച് പ്രശസ്ത നടിയും മോഡലുമായ ദീപ്തി സതി നിർവ്വഹിച്ചു. 'ബ്ലാക്ക് ബെറി' അവതരിപ്പിക്കുന്ന ഇത്തവണത്തെ ഫാഷൻ വീക്കിൽ 'അമുക്തി', 'കില്ലർ എക്സ്' എന്നിവരാണ് പവേർഡ് ബൈ പാർട്ണർമാർ.

ദേശീയ-അന്തർദേശീയ ബ്രാൻഡുകൾ അണിനിരക്കുന്ന റൺവേ ഷോകളിൽ പ്രശസ്തരായ ഫാഷൻ ഡിസൈനർമാരും മോഡലുകളും മാറ്റുരയ്ക്കും. ബാംഗ്ലൂരിലെ പ്രശസ്ത ഷോ ഡയറക്ടറായ ഫഹീം രാജയാണ് ലുലു ഫാഷൻ വീക്കിന്റെ ഷോ ഡയറക്ടറാകുന്നത്. ഇരുപതിലധികം അന്താരാഷ്ട്ര മോഡലുകൾക്കൊപ്പം രാജ്യത്തെ മുൻനിര സെലിബ്രിറ്റികൾ, സിനിമാ-മിനിസ്ക്രീൻ താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ ഷോ സ്റ്റോപ്പർമാരായി റൺവേയിലെത്തും.

ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ 'സ്പ്രിങ് സമ്മർ കളക്ഷനുകൾ' (Spring Summer Collections) പരിചയപ്പെടുത്തുന്ന നിരവധി ഷോകളാണ് നാല് ദിവസങ്ങളിലായി അരങ്ങേറുന്നത്. ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ മേഖലകളിലെ പ്രമുഖർ ഈ പരിപാടിയുടെ ഭാഗമാകും. ഫാഷൻ രംഗത്തെ മികച്ച സംഭാവനകളെ മുൻനിർത്തിയുള്ള ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്കുള്ള എക്സ്ക്ലൂസിവ് ഫാഷൻ അവാർഡുകളും ഇതോടൊപ്പം സമ്മാനിക്കും. പുരസ്കാര ദാനത്തോടെ മെയ് 24-ന് ഫാഷൻ വീക്കിന് സമാപനമാകും.

ലോഞ്ച് ചടങ്ങിൽ കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ബയിങ് മാനേജർ സന്തോഷ് കൊട്ടാരത്തിൽ, ലുലു ഹൈപ്പർ മാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ലുലു റീട്ടെയിൽ ബയിങ് മാനേജർ രതീഷ് ടി.വി, ലേഡീസ് വെയർ സെൻട്രൽ ബയർ നാൻസി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Content Highlights: Lulu Fashion Week will commence in Kochi on May 21, showcasing the latest global fashion trends. The event will feature international models and highlight contemporary styles from around the world. The fashion showcase is expected to attract designers, brands, and fashion enthusiasts from across the region.

To advertise here,contact us