ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി നടിയുടെ മകന്‍: നിങ്ങളും ഇരയായി മാറാം: പണം നഷ്ടമാകാതിരിക്കാന്‍ ചെയ്യേണ്ടത്

ഏഴ് ദിവസത്തിന് ശേഷം മാത്രമേ പണം ഈടാക്കൂ എന്നായിരുന്നു വാഗ്ദാനം

ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി പ്രശസ്ത നടി അർച്ചന പുരൻ സിംഗിന്റെ മകൻ ആയുഷ്മാൻ സേതി. ഒരു വെബ്‌സൈറ്റിലെ 'സെവൻ ഡേ ഫ്രീ ട്രയൽ' (7-day free trial) ഓഫർ പരീക്ഷിക്കുന്നതിനിടെ ആയുഷ്മാന്റെ അക്കൗണ്ടിൽ നിന്നും 87000 രൂപയാണ് നഷ്ടമായത്. തന്റെ യൂട്യൂബ് വ്ലോഗിലൂടെ ആയുഷ്മാൻ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.

ഒരു വെബ്‌സൈറ്റിലെ സേവനം ഏഴ് ദിവസത്തേക്ക് സൗജന്യമായി ഉപയോഗിക്കാമെന്ന പരസ്യം കണ്ട് ആയുഷ്മാൻ സൈൻ-അപ്പ് ചെയ്യുകയായിരുന്നു. ഏഴ് ദിവസത്തിന് ശേഷം മാത്രമേ പണം ഈടാക്കൂ എന്നായിരുന്നു വാഗ്ദാനം. തുടക്കത്തിലെ നടപടിയെന്നോണം വെബ്‌സൈറ്റ് പൂജ്യം ഡോളറിന്റെ ഒരു ഇടപാട് നടത്തുകയും ആയുഷ്മാൻ അതിന് വെരിഫിക്കേഷന്‍ നല്‍കുകയും ചെയ്തു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ, അനുവാദം കൂടാതെ തന്നെ ഒരു വർഷത്തെ മുഴുവൻ വരിസംഖ്യയായ 87000 രൂപ കാർഡിൽ നിന്ന് ഈടാക്കുകയായിരുന്നു.

ഇതൊരു വ്യാജ വെബ്‌സൈറ്റല്ലെന്നും എന്നാൽ ട്രയൽ പിരീഡിന്റെ പേരിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന രീതിയാണിതെന്നും ആയുഷ്മാൻ പറഞ്ഞു. പണം നഷ്ടപ്പെട്ട വാർത്ത കേട്ട് അർച്ചന പുരൻ സിംഗ് ഞെട്ടൽ രേഖപ്പെടുത്തുമ്പോള്‍ പിതാവ് പർമീത് സേതിയുടെ തമാശ രൂപേണയുള്ള പ്രതികരണവും വീഡിയോയില്‍ കാണാനാകാവുന്നത്.

ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളിൽ നിന്നും എങ്ങനെ രക്ഷപ്പെടാം?

സൗജന്യ ട്രയലുകൾക്കും ഓൺലൈൻ ഷോപ്പിംഗിനും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

നിബന്ധനകൾ കൃത്യമായി വായിക്കുക

ഏതെങ്കിലും സൈറ്റിൽ കാർഡ് വിവരങ്ങൾ നൽകുന്നതിന് മുൻപ് അവരുടെ 'Terms and Conditions' ശ്രദ്ധിക്കുക. ട്രയൽ പിരീഡ് കഴിഞ്ഞാൽ പണം ഓട്ടോമാറ്റിക്കായി ഈടാക്കുമോ എന്നും അത് റദ്ദാക്കാൻ എന്ത് ചെയ്യണമെന്നും മുൻകൂട്ടി മനസ്സിലാക്കുക.

വെർച്വൽ കാർഡുകൾ ഉപയോഗിക്കുക

പല ബാങ്കുകളും കുറഞ്ഞ ലിമിറ്റുള്ള 'Virtual Credit Cards' നൽകുന്നുണ്ട്. ഇത്തരം സംശയകരമായ സൈറ്റുകളിൽ പരീക്ഷണം നടത്തുമ്പോൾ സ്ഥിരം കാർഡിന് പകരം ഇവ ഉപയോഗിക്കുന്നത് വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കും.

ഇന്റർനാഷണൽ ട്രാൻസാക്ഷൻ നിയന്ത്രിക്കുക

ആവശ്യമില്ലാത്ത സമയങ്ങളിൽ നിങ്ങളുടെ ബാങ്ക് ആപ്പ് വഴി ഇന്റർനാഷണൽ പേയ്‌മെന്റുകൾ ഡിസേബിൾ (Disable) ചെയ്തു വെക്കുക. വിദേശ വെബ്‌സൈറ്റുകൾ പലപ്പോഴും OTP ഇല്ലാതെ പണം ഈടാക്കാറുണ്ട്.

ട്രയൽ ഉടൻ റദ്ദാക്കുക

നിങ്ങൾ ഒരു സർവീസ് പരീക്ഷിക്കാൻ മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ, സൈൻ-അപ്പ് ചെയ്ത ഉടൻ തന്നെ 'Cancel Subscription' നൽകുക. മിക്കവാറും സൈറ്റുകൾ ട്രയൽ കാലാവധി തീരുന്നത് വരെ സേവനം തുടരാൻ അനുവദിക്കാറുണ്ട്.

അലേർട്ടുകൾ ശ്രദ്ധിക്കുക

ബാങ്കിൽ നിന്നുള്ള SMS, ഇമെയിൽ നോട്ടിഫിക്കേഷനുകൾ എപ്പോഴും ഓൺ ചെയ്തു വെക്കുക. അപരിചിതമായ ചെറിയ ഇടപാടുകൾ കണ്ടാൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് കാർഡ് ബ്ലോക്ക് ചെയ്യുക.

ഓർക്കുക: ഇന്റർനെറ്റിൽ 'സൗജന്യമായി' ലഭിക്കുന്ന പല ഓഫറുകളും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള ചൂണ്ടകളാകാൻ സാധ്യതയുണ്ട്. അതീവ ജാഗ്രത പാലിക്കുക.

Content Highlights: The son of actress Archana Puran Singh has reportedly fallen victim to credit card fraud, bringing attention to rising financial scams. The incident highlights the importance of awareness and preventive measures to protect personal financial information and avoid losses from such fraudulent activities.

To advertise here,contact us