രജനീകാന്തിനെ വെല്ലുമോ വിജയ്: തമിഴില്‍ പ്രതിഫലം വാങ്ങുന്നതില്‍ മുന്നില്‍ ആര്? ആദ്യ അഞ്ചില്‍ ഇവർ

ഒരു സിനിമയ്ക്ക് 200 മുതൽ 250 കോടി വരെയാണ് വിജയ് ഈടാക്കുന്ന പ്രതിഫലം

ഇന്ത്യന്‍ സിനിമാലോകത്ത് ബോളിവുഡ് കഴിഞ്ഞാല്‍ താരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ഭാഷകളിലൊന്നാണ് തമിഴ്. രജനീകാന്തും വിജയും മുതല്‍ നൂറിലേറെ കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന ഒന്നിലേറെ താരങ്ങളാണ് കോളിവുഡിലുള്ളത്. 2025-26 വർഷങ്ങളില്‍ തമിഴിലെ നായകനടന്മാരുടെ പ്രതിഫലത്തില്‍ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.

ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ദളപതി വിജയ്, സൂപ്പർസ്റ്റാർ രജിനികാന്ത് എന്നിവരാണ് മുന്‍നിരയിലുള്ളത്. വിജയ് അഭിനയം നിർത്തി സജീവ രാഷ്ട്രീയക്കാരനായി മാറിയെങ്കിലും അദ്ദേഹം അവസാനമായ അഭിനയിച്ച, പുറത്തിറങ്ങാത്ത ചിത്രം ജനനായകനില്‍ അദ്ദേഹത്തിന് റെക്കോർഡ് നിരക്കിലുള്ള പ്രതിഫലമാണ് നിശ്ചയിച്ചിരുന്നതെന്ന തരത്തിലുള്ള വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു.

രജനീകാന്ത്

ഒരു സിനിമയ്ക്ക് 125 കോടി മുതൽ 270 കോടി വരെയാണ് രജനീകാന്ത് ഈടാക്കുന്ന പ്രതിഫലം എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ലാഭവിഹിതം ഉള്‍പ്പെടേയുള്ള ഡീലുകളിലൂടെ ഇതില്‍ കൂടുതലുള്ള പ്രതിഫലവും അദ്ദേഹത്തിന് ലഭിക്കാറുണ്ട്. ജയിലറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ അദ്ദേഹത്തിന് ഇത്തരത്തില്‍ ലാഭവിഹിതം ലഭിച്ചിരുന്നു. 170-ലധികം സിനിമകളിൽ അഭിനയിച്ച രജനീകാന്തിന്‍റേതായി ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രം കമല്‍ഹാസനുമായി ചേർന്നുള്ള കെഎച്ച് x ആർകെ റീയൂണിയൻ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയാണ്. ജയിലർ-2 ന്‍റെ ചിത്രീകരണവും അടുത്തിടെ പൂർത്തിയായിരുന്നു.

വിജയ്

ഒരു സിനിമയ്ക്ക് 200 മുതൽ 250 കോടി വരെയാണ് വിജയ് ഈടാക്കുന്ന പ്രതിഫലം. ചില റിപ്പോർട്ടുകളില്‍ ഇത് 275 കോടിവരേയാണെന്നും പറയുന്നു. രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായി ഇറങ്ങുന്നതിന് മുൻപുള്ള അവസാന സിനിമകളിലൊന്നായ 'ജനനായകൻ' പോലുള്ള പ്രൊജക്ടുകളിൽ അദ്ദേഹത്തിന്റെ പ്രതിഫലം 200 കോടിക്ക് മുകളിലായിരുന്നുവെന്നാണ് സൂചന. സിനിമ മോശമായാല്‍ പോലും തന്‍റെ ചിത്രത്തിന് ലഭിക്കുന്ന ഇനീഷ്യല്‍ കളക്ഷനാണ് വിജയ് യുടെ പ്രതിഫലം ഉയർന്ന് നില്‍ക്കുന്നതില്‍ പ്രധാനഘടകം.

കമല്‍ഹാസന്‍

ഒരു സിനിമയ്ക്ക് 100 മുതൽ 150 കോടി വരെയാണ് ഉലകനായകന്‍ കമല്‍ഹാസന് ലഭിക്കുന്ന പ്രതിഫലം. നടൻ, സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം സജീവമായ അദ്ദേഹം 'ബിഗ് ബോസ് തമിഴ്' പോലുള്ള ഷോകളിലുടേയും വൻ തുക ഫ്രതിഫലമായി ഈടാക്കിയിട്ടുണ്ട്.

അജിത് കുമാർ

ഒരു സിനിമയ്ക്ക് 105 മുതൽ 120 കോടി വരെയാണ് അജിത് കുമാറിന്‍റെ പ്രതിഫലം. 'വിഡാമുയർച്ചി', 'ഗുഡ് ബാഡ് യുഗ്ലി' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ തലയുടേതായി അടുത്തിടെ പുറത്തിറങ്ങിയെങ്കിലും ഒന്നും വലിയ വിജയമായി മാറിയില്ല.

ധനുഷ്

ഒരു സിനിമയ്ക്ക് 20 മുതൽ 35 കോടി വരെയാണ് ധനുഷിന്റെ പ്രതിഫലം. അഭിനയം മാത്രമല്ല, നിർമ്മാണം, സംവിധാനം, ഗാനരചന എന്നിവയിലൂടെയും ധനുഷ് വരുമാനം നേടുന്നു. തമിഴിന് അപ്പുറം ഹോളിവുഡ് ചിത്രമായ 'ദി ഗ്രേ മാൻ' പോലുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യക്കും പുറത്തും ശ്രദ്ധേയനായി.

തമിഴ് സിനിമ താരങ്ങളുടെ ഈ ഉയർന്ന പ്രതിഫലത്തിന് കാരണം ബോക്സ് ഓഫീസ് വിജയവും ആഗോള ആരാധക പിന്തുണയുമാണ്. എന്നാൽ, ഈ ഉയർന്ന പ്രതിഫലം പ്രൊഡക്ഷൻ ഹൗസുകൾക്ക് വലിയ വെല്ലുവിളിയും ഉയർത്തുന്നുണ്ട്. വിജയ്-രജിനി-അജിത്ത്-കമൽ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം ധനുഷ് പോലുള്ള മൾട്ടിടാലന്റഡ് ആർട്ടിസ്റ്റുകളുമാണ് തമിഴ് സിനിമയുടെ ശക്തി. സൂര്യ, കാർത്തി, വിശാല്‍, ആര്യ, വിക്രം, ശിവ കാർത്തികേയന്‍ തുടങ്ങിയ വലിയൊരു നായകനിരകൂടി തമിഴ് സിനിമ ലോകത്തുണ്ട്.

Content Highlights: The ranking of highest-paid Tamil actors features top stars like Rajinikanth and Vijay, sparking comparisons over who leads in earnings. The list highlights the top five actors in Kollywood based on remuneration, reflecting their market value and popularity in the film industry.

To advertise here,contact us