പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ലൈന്‍ കമ്പനികളെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിമാനത്താവള ചാര്‍ജുകളില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇന്ധന വിലവര്‍ധന ടിക്കറ്റ് നിരക്കിനെ ബാധിക്കാതിരിക്കാനും കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനുമാണ് ഈ നീക്കം. ആഭ്യന്തര വിമാനങ്ങളുടെ ലാന്‍ഡിങ്, പാര്‍ക്കിങ് ചാര്‍ജുകളിലാണ് മൂന്ന് മാസത്തേക്ക് ഇളവ് വരുത്തിയത്.
സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡുവാണ് നിരക്കുകള്‍ കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഫെബ്രുവരി 28ന് ഇറാനില്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ വിമാനക്കമ്പനികള്‍ കടുത്ത സമ്മര്‍ദത്തിലാണെന്നും, ഈ സാഹചര്യം ടിക്കറ്റ് നിരക്ക് കുത്തനെ കൂടുന്നതിലേക്ക് നയിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് എല്ലാ പ്രധാന വിമാനത്താവളങ്ങളിലും നിരക്ക് കുറവ് ഉടനടി നടപ്പാക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലും 25 ശതമാനം ഇളവ് ബാധകമാക്കും. ഇതിലൂടെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിമാനക്കമ്പനികള്‍ക്ക് 400 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിമാനത്താവളങ്ങള്ക്കുണ്ടാകുന്ന വരുമാന നഷ്ടം അടുത്ത താരിഫ് നിശ്ചയിക്കുന്ന സമയത്ത് ക്രമീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Content Highlights: Govt cuts airport charges by 25% to support airlines amid West Asia crisis