
കൊല്‍ക്കത്ത: കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമത്തില്‍ മുഖ്യപ്രതി മോണോജിത് മിശ്രയുടെ അഭിഭാഷകന്‍. സംഭവം പീഡനമാണെന്ന് കരുതുന്നില്ലെന്നും അതിജീവിതയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നുമാണ് പ്രതിയുടെ അഭിഭാഷകന്‍ രാജു ഗാംഗുലി ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കണമെന്നും പ്രതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ പരിശോധനയില്‍ അടക്കം പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായിട്ടുള്ള കേസാണ് വഴിതിരിച്ചുവിടാന്‍ മുഖ്യപ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നത്. എഎന്‍എയോടായിരുന്നു പ്രതിയുടെ അഭിഭാഷന്റെ പ്രതികരണം.
മോണോജിത്തിനെതിരായ ആരോപണങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ എല്ലാവരും തന്നെ വില്ലനാക്കാനാണ് ശ്രമിക്കുന്നതെന്നാണ് പറഞ്ഞതെന്നാണ് അഭിഭാഷകന്‍ പറയുന്നത്. മുഖ്യപ്രതിയുടെ ശരീരത്തില്‍ നഖംകൊണ്ടുള്ള പാടുകള്‍ ഉണ്ടെന്നാണ് ആരോപണമെന്ന് പറഞ്ഞപ്പോള്‍ മോണോജിത് ഷര്‍ട്ട് അഴിച്ച് കാണിക്കുകയാണ് ചെയ്തത്. അയാളുടെ കഴുത്തില്‍ നഖംകൊണ്ട് പോറലേറ്റ ഒരുപാടാണ് താന്‍ കണ്ടത്. അതേപ്പറ്റി ചോദിച്ചപ്പോള്‍ 'സ്‌നേഹത്തിന്റെ അടയാളം' എന്നാണ് മോണോജിത് പറഞ്ഞത്. അത് എങ്ങനെ സംഭവിച്ചു എന്ന് ചോദിക്കുന്നതിനിടെ അവനെ പൊലീസ് പിടിച്ചുകൊണ്ട് പോവുകയാണ് ചെയ്തത്. അവന്റെ ശരീരത്തില്‍ മറ്റ് പാടുകളൊന്നും താന്‍ കണ്ടില്ല. അതിജീവിതയുടെ ഫോണ്‍ പരിശോധനയ്ക്ക് അയയ്ക്കണം. അതിന്റെ റിപ്പോര്‍ട്ട് വന്നശേഷം അതേപ്പറ്റി സംസാരിക്കാം. തന്റെ കാഴ്ചപ്പാടില്‍ ഇത് പീഡനക്കേസ് ആണെന്ന് കരുതുന്നില്ല. അതേപ്പറ്റി ജൂലൈ 20ന് ശേഷം സാംസാരിക്കാമെന്നും അഭിഭാഷകന്‍ പറയുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. പീഡനത്തിനിരയായെന്ന പരാതിയുമായി സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പൊലീസിനെ സമീപിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം നേതാവ് മോണോജിത് മിശ്ര, സഹപാഠികളായ പ്രമിത് മുഖര്‍ജി, സെയ്ബ് അഹമ്മദ് എന്നിവര്‍ക്കെതിരെയായിരുന്നു പെണ്‍കുട്ടിയുടെ പരാതി. മോണോജിത് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും എതിര്‍ത്തതോടെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. വിട്ടയയ്ക്കണമെന്ന് കാല് പിടിച്ച് കരഞ്ഞിട്ടും പ്രതികള്‍ കേട്ടില്ലെന്നും ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞിരുന്നു. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ ഇത് പുറത്തുവിടുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തി. ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് പ്രതികള്‍ തലയ്ക്കടിച്ചെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്ബ പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുക്കുകയും ആദ്യഘട്ടത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights- I feel that perhaps this is not a rape case says advocate of main accused on kolkata rape case