

കൊല്ലം: പുനലൂരിൽ വിമതനീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ. കെപിസിസി നേതൃത്വം നേരിട്ടിടപെട്ടിട്ടും സഞ്ജയ് ഖാൻ മത്സരത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. നിർണായക ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്ന് ജില്ലയിൽ നിന്നുള്ള കെപിസിസി നേതൃത്വം അറിയിച്ചെങ്കിലും സഞ്ജയ് ഖാൻ വഴങ്ങിയില്ല.
ഇന്ന് കാലത്താണ് ജില്ലയിലെ കെപിസിസി നേതൃത്വം സഞ്ജയ് ഖാനെ ബന്ധപ്പെട്ടത്. പാർട്ടി വലിയ പ്രതിസന്ധിയിൽ നിൽക്കുകയാണെന്നും ഈ ഘട്ടത്തിൽ നോമിനേഷൻ നൽകി കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കരുത് എന്നും നേതാക്കൾ സഞ്ജയ് ഖാനോട് അഭ്യർത്ഥിച്ചു. മത്സരത്തിൽ നിന്ന് പിന്മാറിയാൽ മറ്റ് പല രീതികളിലും പരിഗണിക്കാമെന്ന വാഗ്ദാനവും നേതാക്കൾ മുന്നോട്ടുവെച്ചു.
എന്നാൽ താൻ മത്സരത്തിൽ നിന്ന് പിന്മാറില്ല എന്നാണ് സഞ്ജയ് ഖാൻ അറിയിച്ചത്. പുനലൂരിലെ യുവാക്കൾ അടക്കമുള്ള കോൺഗ്രസുകാർ തന്റെയൊപ്പമുണ്ടെന്നും ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നുമാണ് സഞ്ജയ് ഖാൻ പറയുന്നത്.
കോൺഗ്രസ് മത്സരിക്കേണ്ട മണ്ഡലത്തിൽ മുസ്‌ലിം ലീഗ് മത്സരിക്കുവാൻ തീരുമാനിച്ചതോടെയാണ് സഞ്ജയ് ഖാൻ ഇടഞ്ഞത്. നേരത്തെ നെൽസൺ സെബാസ്റ്റ്യൻ പുനലൂരിൽ വിമത സ്ഥാനാർത്ഥിയായി രംഗത്തുവന്നിരുന്നു. എന്നാൽ ഇദ്ദേഹം കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം പിന്മാറിയിരുന്നു. പിന്നാലെയാണ് സഞ്ജയ് ഖാൻ വിമത സ്ഥാനാർത്ഥിയായി രംഗത്തുവന്നത്.
ലീഗിന്റെ തുടർച്ചയായ തോൽവിക്ക് പിന്നാലെ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ലീഗിന് തന്നെ മണ്ഡലം നൽകാനാണ് തീരുമാനിച്ചത്. ഇതിൽ പല കോൺഗ്രസ് നേതാക്കൾക്കും കടുത്ത അതൃപ്തിയാണ് ഉണ്ടായിരുന്നത്. പിന്നാലെ കോൺഗ്രസ് അഞ്ചൽ, പുനലൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നെൽസൺ സെബാസ്റ്റ്യനെ വിമത സ്ഥാനാർത്ഥിയായി രംഗത്തിറക്കി. എന്നാൽ നേതൃത്വങ്ങൾ ഇടപെട്ടതോടെ നെൽസൺ പിന്മാറി. പിന്നാലെയാണ് സഞ്ജയ് ഖാൻ സ്വയം മത്സരിക്കാൻ തീരുമാനിച്ചത്.
Content Highlights: Sanjay Khan, DCC General Secretary, has firmly decided not to withdraw from the electoral contest in Punalur despite strong intervention from the Kerala Pradesh Congress Committee leadership. His refusal to step back from the rebel candidature highlights internal disagreements within the Congress party in Kerala