2024ൽ നാട്ടുകാരനെ മർദിച്ചതിന് കേസ്; പൊലീസ് മൃഗമെന്ന് കാട്ടി നാട്ടുകാരുടെ ഫ്‌ളക്‌സ്; മിഥുൻ സ്ഥിരം പ്രശ്നക്കാരൻ?

'പൊതുശല്യമാണ് മിഥുൻ. അവനൊപ്പം ഗുണ്ടകളുണ്ട്. പേടിച്ചാണ് ജീവിക്കുന്നത്'

2024ൽ നാട്ടുകാരനെ മർദിച്ചതിന് കേസ്; പൊലീസ് മൃഗമെന്ന് കാട്ടി നാട്ടുകാരുടെ ഫ്‌ളക്‌സ്; മിഥുൻ സ്ഥിരം പ്രശ്നക്കാരൻ?
dot image

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസുകാരനും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും തിരിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഇടിവള കൊണ്ട് ഇടിക്കുകയും ചെയ്ത സിപിഒ മിഥുന്‍ റോയ് സ്ഥിരം പ്രശ്‌നക്കാരനാണെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്. പ്രദേശവാസിയായ ആളുടെ കാലില്‍ കാര്‍ കയറ്റുകയും ഇത് ചോദ്യം ചെയ്തതിന് മര്‍ദിക്കുകയും ചെയ്ത സംഭവത്തിൽ മിഥുനെതിരെ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായതുകൊണ്ട് മിഥുന്‍ റോയ്‌ക്കെതിരെ പൊലീസ് ആദ്യം കേസ് എടുത്തിരുന്നില്ല. സമ്മര്‍ദമുണ്ടായതോടെയായിരുന്നു വട്ടിയൂർക്കാവ് പൊലീസ് അന്ന് കേസെടുക്കാന്‍ തയ്യാറായത്.

മിഥുനെതിരെ കേസെടുത്ത എഫ്ഐആറിൻ്റെ പകർപ്പ്

2024 ഏപ്രില്‍ 28ന് ഉച്ചയ്ക്ക് 2030നും മൂന്ന് മണിക്കും ഇടയിലായിരുന്നു സംഭവം നടന്നത്. നെട്ടയം ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന പ്രദേശവാസിയായ ആളുടെ കാലില്‍ മിഥുന്‍ റോയ് കാര്‍ കയറ്റുകയായിരുന്നു. കാര്‍ റിവേഴ്‌സ് എടുത്തപ്പോഴായിരുന്നു സംഭവം. മിഥുന്‍ റോയ്‌ക്കൊപ്പം മറ്റ് മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു. കാര്‍ കയറ്റിയത് ചോദ്യം ചെയ്തതോടെ മിഥുന്‍ റോയ്‌യും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും ചേര്‍ന്ന് പരാതിക്കാരനെ മര്‍ദിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. ദേഹോപദ്രവം ഏല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതികള്‍ കാര്‍ കയറ്റിയതെന്നും പൊലീസിന്റെ എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മിഥുന്‍ റോയ്‌യുടെ അച്ഛന്‍ പൊലീസായിരുന്നു. 2020ല്‍ അച്ഛന്‍ മരിച്ച ശേഷമായിരുന്നു മിഥുന്‍ റോയ് പൊലീസില്‍ ജോലിക്ക് പ്രവേശിക്കുന്നത്. പൊലീസില്‍ ചേര്‍ന്ന ശേഷം എന്തെങ്കിലും വിഷയത്തില്‍ ഇടപെട്ടാല്‍ ഇടിവള ഊരി ഇടിക്കുന്ന സ്വഭാവം മിഥുന്‍ റോയ്ക്ക് ഉണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. മിഥുന്‍ റോയ് സ്ഥിരം മദ്യപാനിയാണെന്ന് അയല്‍വാസി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. പൊലീസ് എന്ന അഹങ്കാരമാണ് അയാള്‍ക്ക്. നേരത്തേ മുതല്‍ അയാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പൊതുശല്യമാണയാള്‍. അവനൊപ്പം ഗുണ്ടകളുണ്ട്. പേടിച്ചാണ് ജീവിക്കുന്നതെന്നും നാട്ടുകാരന്‍ റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി.

സ്വന്തം നാട്ടിലും മിഥുന്‍ റോയ്‌ക്കെതിരെ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. മദ്യലഹരിയില്‍ വാഹനത്തില്‍ പൊലീസുകാരന്റെ സ്ഥിരം അഴിഞ്ഞാട്ടമെന്നായിരുന്നു ഫ്‌ളക്‌സില്‍ പറഞ്ഞത്. നെട്ടയത്തെ പൊലീസ് മൃഗമാണ് മിഥുന്‍ റോയ് എന്നും ഫ്‌ളക്‌സിലുണ്ടായിരുന്നു. പൊതുജനങ്ങള്‍ക്ക് ഭീഷണിയായ മിഥുന്‍ റോയ്ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഫ്‌ളക്‌സില്‍ പറഞ്ഞിരുന്നു.

മിഥുനെതിരെ നാട്ടുകാർ സ്ഥാപിച്ച ഫ്ളക്സ്

ശനിയാഴ്ച രാത്രി തിരുവനന്തപുരത്തെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ചായിരുന്നു സംഭവം നടന്നത്. മെഡിക്കല്‍ ലീവിലായിരുന്നു മിഥുന്‍. ഇതിനിടെയാണ് ഇയാള്‍ മാളിലെത്തിയത്. ഈ സമയം പിന്തുടര്‍ന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തര്‍ ആക്രമിച്ചു എന്നാണ് മിഥുന്റെ ആരോപണം. കൈയില്‍ ഉണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് മിഥുന്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇടിവള ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ദേഹത്ത് കൊള്ളുന്നത് വീഡിയോയില്‍ കാണാമായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കാണിച്ച് മിഥുനും, പൊലീസുകാരന്‍ ആക്രമിച്ചെന്ന് കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരും പരാതി നല്‍കിയിരുന്നു. രണ്ട് പരാതികളിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ശംഖുമുഖം ബീച്ചിലെ ന്യൂ ഇയര്‍ രാത്രിയില്‍ സമയപരിധി കഴിഞ്ഞപ്പോള്‍ ഡിജെ പാര്‍ട്ടി അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എസ്എഫ്‌ഐക്കാരും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം അവിടെ കൂടിയവരെ മര്‍ദിച്ച സംഘത്തില്‍ മിഥുനും ഉണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മാള്‍ ഓഫ് ട്രാവന്‍കൂറിലെ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് മിഥുന്‍ റോയ്‌യുടെ വാദം. ഇക്കാര്യങ്ങള്‍ അടക്കം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

Content Highlights- In 2024, cpo midhun roy was involved in an assault case against a local resident.

dot image
To advertise here,contact us
dot image