

കൊച്ചി: എൻഎസ്എസ് നേതൃത്വവുമായി കൊമ്പുകോർക്കാൻ എസ്എൻഡിപി ഇനി തയ്യാറല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പെരുന്നയിലേയ്ക്ക് ക്ഷണിച്ചാൽ പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എൻഎസ്എസുമായി പിണങ്ങിയിട്ട് എന്ത് കിട്ടിയെന്നും സംവരണ തർക്കത്തിൽ എന്ത് നേടിയെന്നും വെള്ളാപ്പള്ളി ചോദിച്ചു. എൻഎസ്എസുമായി സഹകരിച്ച് പോകും. 21ന് എസ്എൻഡിപി നേതൃ സമ്മേളനം വിളിച്ചിട്ടുണ്ട് വിശദമായി ചർച്ചചെയ്ത് തീരുമാനത്തിലെത്തുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എൻഎസ്എസുമായി തമ്മിൽ തല്ലിച്ചെന്നും ചിലർ പുറകിൽ നിന്നെന്നും വെള്ളാപ്പളളി ആരോപിച്ചു. നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കേണ്ട കാലമാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു.
എൻഎസ്എസുമായി യുദ്ധം ചെയ്യിച്ചത് ആരാണെന്ന് ചൂണ്ടിക്കാണിച്ച വെള്ളാപ്പള്ളി കുരങ്ങനെ കൊണ്ട് ചുടുചോറ് മാന്തിക്കുകയല്ലെ ചെയ്തതെന്നും ചോദിച്ചു. സംവരണ കാര്യമാണ് എൻഎസ്എസുമായുള്ള തർക്കത്തിന് കാരണമെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഈ സംവരണത്തിൽ എന്ത് നേടിയെന്നും വെള്ളാപ്പള്ളി ചോദിച്ചു. എൻഎസ്എസ് മാത്രമല്ല നായാടി മുതൽ നസ്രാണിവരെ ഒരുമിച്ച് നിൽക്കേണ്ട കാലമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നസ്രാണികൾ വളരെ വിഷമത്തിലാണെന്നും അവർ പുറത്ത് പറയുന്നില്ലെന്നേയുള്ളുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികൾ ഭയന്ന് ജീവിക്കുകയാണ്. നായാടി മുതൽ നമ്പൂതിരി വരെ എന്ന നേരത്തെ മുന്നോട്ട് വെച്ച ആശയം നായാടി മുതൽ നസ്രാണി വരെ എന്നാക്കിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
നായാടി മുതൽ നസ്രാണി വരെ എന്നത് ബിജെപി നിലപാടല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ക്രിസ്ത്യാനികളെ ഒപ്പം നിർത്താൻ ബിജെപി ശ്രമിച്ചിട്ട് അവർക്ക് വല്ലതും കിട്ടിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. മൂന്ന് ക്രിസ്ത്യാനികളെ ബിജെപി മന്ത്രിമാരാക്കി. ആദ്യം പി സി തോമസ്, അൽഫോൺസ് കണ്ണന്താനം ഇപ്പോൾ ജോർജ് കുര്യൻ. അത് കൊണ്ട് എന്ത് ഫലം കിട്ടിയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ആൻ്റണിയുടെ മകൻ ഇപ്പോൾ ബിജെപിയിൽ ചേർന്നിട്ടുണ്ട്. ക്രിസ്ത്യാനികൾ ബിജെപിയിൽ ചേർന്നെങ്കിലും ആ വിഭാഗത്തെ നയിക്കുന്നത് മതനേതാക്കളാണ്. അവർ ഇതുവരെ തുറന്ന മനസ്സുമായി ബിജെപിയുമായി ചേർന്നിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴും അവർ ഭയപ്പെടുന്നുണ്ട്. അപ്പുറത്ത് നിന്ന് ഒരു സംരക്ഷണം അവർക്ക് ഉറപ്പ് കിട്ടുന്നില്ല. അവർ ത്രിശങ്കു സ്വർഗ്ഗത്തിൽ നിൽക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും തൻ്റെ ഒപ്പം എല്ലാവരും ഉണ്ടെന്നും പറഞ്ഞ വെള്ളാപ്പള്ളി ഇവരുടെയെല്ലാം ഐക്യം ഉണ്ടാക്കി വോട്ട് മേടിച്ച് കൊടുക്കാനൊന്നും താൻ പോകുന്നില്ലെന്നും വ്യക്തമാക്കി. സമുദായത്തിൻ്റെ ആശയാഭിലാഷങ്ങൾ പറയുമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലായോ ചൂലായോ നിൽക്കില്ല. നമ്മളെ ചവിട്ടാനോ തൊഴിക്കാനോ ആരെങ്കിലും വന്നാൽ അവരെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും സ്നേഹിക്കുന്നവർ ആരുണ്ടോ അവരെ സ്നേഹിക്കുകയും ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
എൻഎസ്എസുമായി നേരത്തെ സഹകരിച്ചിരുന്ന സമയത്തെ രാമലക്ഷ്മണന്മാർ എന്ന ലക്ഷ്യത്തിൽ നിന്നും മാറിയെന്ന് ചൂണ്ടിക്കാണിച്ച വെള്ളാപ്പള്ളി എന്ന് ആ ആശയത്തിൻ്റെ കാലമായിരുന്നെന്നും വ്യക്തമാക്കി. പുതിയ കാലത്ത് മുദ്രാവാക്യങ്ങൾ മാറിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. പെരുന്നയിൽ ചെല്ലുന്നതിൽ അയിത്തമില്ലെന്നും ചെല്ലണം കാണണമെന്ന് പറഞ്ഞാൽ പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ജി സുകുമാരൻ നായർക്ക് അസുഖമായിരുന്ന സമയത്ത് വിളിച്ച് സൗഖ്യം അന്വേഷിച്ച് സന്തോഷമായി സംസാരിച്ചെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നായാടി മുതൽ നസ്രാണി വരെ എന്ന പൊതു ഐക്യത്തിലേയ്ക്ക് മുസ്ലിം വിഭാഗം വന്നാൽ അവരെയും ഉൾക്കൊള്ളുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെള്ളാപ്പള്ളി നടേശൻ രൂക്ഷമായി വിമർശിച്ചു. വി ഡി സതീശൻ ഈഴവ വിരോധിയാണെന്നായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനം. ഒരു പിന്നാക്കക്കാരൻ മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറാൻ പാടില്ല, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ ഒട്ടും കയറ്റാൻ പാടില്ല എന്നതാണ് വി ഡി സതീശൻ്റെ നിലപാടെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വണ്ടിയിൽ താൻ കയറിയത് വലിയൊരു കുറവായി വി ഡി സതീശൻ കാണുന്നുണ്ടെങ്കിൽ അയാളെയെല്ലാം ഊളൻപാറയ്ക്ക് അയക്കണ്ടെ. നടന്നുവരുന്ന തന്നെ മുഖ്യമന്ത്രി വണ്ടിയിൽ കയറ്റി കൊണ്ടുപോയത് വലിയ തെറ്റാണെന്നല്ലെ വ്യാഖ്യാനിക്കുന്നത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഈഴവസമുദായത്തെ ഒരു കറിവേപ്പിലയായിട്ടാണ് കാണുന്നതെങ്കിൽ വി ഡി സതീശന് തെറ്റുപറ്റിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. വർഗീയവാദികൾക്ക് കുടപിടിച്ച് കൊടുത്ത് ആ തണലിൽ വർഗീയവാദികളെ സംരക്ഷിക്കുന്ന നേതാവാണ് വി ഡി സതീശനെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. രാഷ്ട്രീയ മോഹങ്ങളും നാളെ പല സ്ഥാനങ്ങളും ഓപ്പറേറ്റ് ചെയ്ത് കിട്ടാനാണ് വി ഡി സതീശൻ ഇങ്ങനെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വി ഡി സതീശൻ അദ്ദേഹത്തിൻ്റെ കർമ്മം ചെയ്യട്ടെ. താൻ തൻ്റെ കർമ്മവും ചെയ്യുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
Content Highlights: Vellappally Natesan, SNDP Yogam General Secretary, announces full cooperation with NSS leadership, stating no more differences or confrontations.