

പാലക്കാട്: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിലെടുത്തത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്തെ നീലപ്പെട്ടി വിവാദത്തിൽ ഉൾപ്പെട്ട അതേ ഹോട്ടലിൽ നിന്ന്. പീഡനക്കേസിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് പാലക്കാട്ടെ കെപിഎം റീജിയൻസിന്റെ 2002 എന്ന മുറിയിലെത്തി രാഹുലിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
അതിവിദഗ്ധമായ നീക്കത്തിലൂടെയായിരുന്നു രാഹുലിനെ പ്രത്യേക അന്വേഷണസംഘം പൂട്ടിയത്. രാഹുൽ താമസിച്ച മുറിയുടെ അതേ നിലയിൽ തന്നെ താമസിച്ച പൊലീസ് സംഘം രാഹുലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരിൽ നിന്നും മുറിയുടെ താക്കോൽ വാങ്ങിയ ശേഷമാണ് പൊലീസ് മടങ്ങിയത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മുറി പൊലീസ് സീൽ ചെയ്തു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്താണ് 'നീലപ്പെട്ടി' വലിയ വിവാദം സൃഷ്ടിച്ചത്. കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അർദ്ധരാത്രി റെയ്ഡ് നടത്തുകയായിരുന്നു. ഇത് കോൺഗ്രസ് ഏറ്റെടുക്കുകയും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. തുടർന്ന് നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനം നടത്തുകയും ഇത് വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ട്രോളിയിൽ നിന്ന് പണം കടത്തിയതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ പണം കടത്തിയതിന് തെളിവില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് ജില്ലാ പൊലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞത്.
Content Highlights : The hotel where MLA Rahul Mamkootathil was taken into custody is the same hotel involved in the bluebag controversy during the Palakkad by election