

കാസർകോട്: കോൺഗ്രസ് എം പി ശശി തരൂരിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ. ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്, അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് താൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഒരു മനുഷ്യന് ഒരു ജന്മം ഒരു പാർട്ടിയെക്കൊണ്ട് നേടിയെടുക്കാനുള്ള പരമാവധി സ്വന്തമാക്കിയ തരൂരിന് ഇപ്പോൾ എന്താണ് അസ്വസ്ഥതയും അസംതൃപ്തിയും. എന്താണ് ഈ പാർട്ടിയിൽനിന്ന് അദ്ദേഹം ഇനി നേടാനുള്ളത്. അദ്ദേഹത്തിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്, രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
അദ്ദേഹത്തിന് വേണമെങ്കിൽ കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം പോകാം. എത്രപേർ പോയി. പോയവരുടെ സ്ഥിതിയെല്ലാം നാം കാണുന്നില്ലേ. അദ്ദേഹത്തിന് ബിജെപിയിലേക്ക് പോകാം, എന്നാൽ
ബിജെപിയിൽ ചേരുന്നെങ്കിൽ അത് കോൺഗ്രസ് പുറത്താക്കിയിട്ടേ ചേരൂ എന്ന വാശിപിടിച്ചാൽ ഈ ജന്മം അത് നടക്കാൻ പോകുന്നില്ല. അദ്ദേഹത്തിന്റെ മനസിലിരുപ്പ് കോൺഗ്രസ് ചെയ്യാൻ പോകുന്നില്ല. ഒരു രക്തസാക്ഷിപരിവേഷമൊന്നും അദ്ദേഹത്തിന് ഞങ്ങൾ കൊടുക്കില്ല.
ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിക്കുന്ന നരേന്ദ്രമോദിയെ അനുകൂലിച്ച് തരൂർ പ്രസ്താവനകൾ നടത്തുമ്പോൾ കേരളത്തിലെ മതേതരവാദികളുടെ മനസ് വേദനിക്കും. എന്തൊരു അപരാദമാണ് തരൂർ ചെയ്യുന്നത്. ഇയാളെ വെച്ച് വാഴിക്കരുത്. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ വന്നാൽ മുറിച്ചുതന്നെ മാറ്റണം, രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
എന്തെങ്കിലും തീരുമാനമെടുത്ത് തരൂർ ബിജെപിയിലേക്ക് പോയാൽ അദ്ദേഹത്തിനൊപ്പം ഒരാളും പോകില്ല. ഭാര്യയായ സുനന്ദ പുഷ്‌കർ ജീവിച്ചിരുന്നെങ്കിൽ അവർ പോലും അദ്ദേഹത്തിനൊപ്പം ബിജെപിയിലേക്ക് പോകില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
തരൂരിനെതിരെ നടപടി വേണമെന്ന് താൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയെടുക്കേണ്ടത് താനെങ്കിൽ നാളെതന്നെ എടുത്തിരിക്കും. തുമ്മിയാൽ തെറിക്കുന്ന മൂക്കെങ്കിൽ ചുമ്മാതെറിച്ചു പോകട്ടെ എന്നതാണ് തന്റെ പോളിസിയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Content Highlights: rajmohan unnithan against Shashi Tharoor