
ന്യൂഡല്‍ഹി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് ഒടുവിൽ കേന്ദ്രസഹായം. 260.56 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഒമ്പത് സംസ്ഥാനങ്ങള്‍ക്കായി 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹൈ ലെവല്‍ കമ്മിറ്റിയാണ് പണം അനുവദിച്ചത്. അസമിന് 1270.788 കോടിയും അനുവദിച്ചു. അസം, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സഹായം. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് അര്‍ബന്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതി പ്രകാരം 2444.42 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
സഹായമനുവദിച്ച സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് തുക കേരളത്തിനാണ്. രണ്ടായിരം കോടിയാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. മുണ്ടക്കൈ ദുരന്തത്തിനു പിന്നാലെ വിശദമായ റിപ്പോർട്ട് കേരളം കേന്ദ്രത്തിന് കൈമാറിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം കേന്ദ്രവുമായി ഇതുസംബന്ധിച്ച ചർച്ചകളും നടത്തിയതാണ്. സാമ്പത്തിക സഹായം എന്ന നിലയിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ആദ്യ സഹായമാണ് ഈ തുക. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും തുച്ഛമായ തുകയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
ചൂരൽമല- മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് 526 കോടി രൂപ കേന്ദ്രം നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ നൽകിയത് ധനസഹായമല്ല വായ്പ്പയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ട സഹായമല്ല കേന്ദ്രം നൽകിയതെന്നും വായ്പ്പയാണ് ലഭിച്ചത്, ഉപാധിരഹിതമായ സഹായം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
Content Highlights: Central aid to Wayanad: Rs 260.56 crore allocated from the National Disaster Response Fund