
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എം എം മണി എംഎൽഎ. ഇടുക്കി ജില്ലയിലെ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ശക്തമായ ഭാഷയിൽ അവതരിപ്പിക്കാൻ സഖാവിനായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച അനുശോചന കുറിപ്പിൽ പറഞ്ഞു. തൻ്റെ ജീവിതത്തിലെ അവസാന മണിക്കൂറിലും തന്നെ തെരഞ്ഞെടുത്ത് വിട്ട ജനതയ്ക്കായി പോരാടിയ പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങളെന്നും എം എം മണി കൂട്ടിച്ചേർത്തു.
നിയമസഭയ്ക്ക് അകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിൻ്റെ രീതി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു. തൊഴിലാളി നേതാവ് എന്ന നിലയിൽ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് വൈകുന്നേരത്തോടെയായിരുന്നു വാഴൂർ സോമന്റെ അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.
കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14-നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
നാല് പതിറ്റാണ്ടിലേറെ പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ, സോബിത്ത്. എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോകും.
Content Highlights: mm mani condoled the demise of vazhoor soman