
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം പരിപാടിയില്‍ പങ്കെടുക്കാത്തത് വിവാദമായതില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് അതൃപ്തി. ജില്ലയിലെ ഗ്രൂപ്പ് വഴക്കിലേക്ക് അനാവശ്യമായി വലിച്ചിഴച്ചുവെന്ന നിലപാടിലാണ് ചാണ്ടി ഉമ്മന്‍. പരസ്യമായി വിമര്‍ശിച്ച യുവ നേതാവ് റമീസിനോട് വിശദീകരണം തേടാത്തതിലും എംഎല്‍എയ്ക്ക് അതൃപ്തിയുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും ചാണ്ടി ഉമ്മന്‍ വിട്ടുനിന്നതിന് പിന്നാലെ അത്യന്തം നാടകീയ സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നഗരസഭയ്‌ക്കെതിരെ സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്പര്‍ക്ക പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ പങ്കെടുക്കേണ്ടതായിരുന്നു. രാവിലെയാണ് ചാണ്ടി ഉമ്മന്‍ അസൗകര്യം അറിയിച്ചത്. പുലര്‍ച്ചെയാണ് കോഴിക്കോട് എത്തിയതെന്നും ക്ഷീണം കാരണം പങ്കെടുത്തില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ വിശദീകരണം. നഗരത്തിലുണ്ടായിട്ടും പരിപാടിയില്‍ എത്താതിരുന്നതില്‍ സംഘാടകര്‍ ഡിസിസിയെ പരാതി അറിയിച്ചിരുന്നു. പിന്നാലെയാണ് ചാണ്ടി ഉമ്മനെ ഡിസിസി ഓഫീസിലേക്ക് വിളിച്ചു വരുത്തി അധ്യക്ഷന്‍ പ്രതിഷേധമറിയിച്ചത്. തുടര്‍ന്ന് ചാണ്ടി തന്റെ പക്ഷം അറിയിക്കുകയുമായിരുന്നു.
ഷാഫി പറമ്പില്‍ വിഭാഗം നടത്തുന്ന പരിപാടിയില്‍ നിന്ന് ടി സിദ്ധിഖ് വിഭാഗം ഇടപെട്ട് ചാണ്ടി ഉമ്മനെ തടഞ്ഞുവെച്ചെന്നായിരുന്നു ഒരു വിഭാഗം ആരോപിച്ചത്. പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന ചാണ്ടി ഉമ്മന്റെ വാദം സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് പി പി റമീസ് തള്ളുകയും ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് പങ്കെടുക്കാത്തത് എന്ന് അറിയില്ലെന്നായിരുന്നു റമീസ് പറഞ്ഞത്. ഇതില്‍ വിശദീകരണം തേടാത്തതിലും ചാണ്ടിക്ക് അതൃപ്തിയുണ്ട്. കോഴിക്കോട് ജില്ലയില്‍ ഷാഫി പറമ്പില്‍ - എം കെ രാഘവന്‍ കൂട്ടുകെട്ടില്‍ വളര്‍ന്നുവരുന്ന പുതിയ ഗ്രൂപ്പിനോടൊപ്പമാണ് യൂത്ത് കോണ്‍ഗ്രസ് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റി.
Content Highlights: Chandy Oommen MLA unhappy with Youth Congress's program controversy at Kozhikode