
തിരുവനന്തപുരം: താല്‍ക്കാലിക വി സി നിയമനവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുന്നോട്ട്. ഡിജിറ്റല്‍, കെടിയു വി സിമാരായി സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ വീണ്ടും നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളിയാണ് രാജ്ഭവന്‍ വിജ്ഞാപനം ഇറക്കിയത്. നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇരുവരെയും നിയമിച്ച നടപടി തിരുത്താന്‍ ചാന്‍സലറായ ഗവര്‍ണറോട് ആവശ്യപ്പെടും. സര്‍വ്വകലാശാല നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമാണ് നീക്കം.
ഉടന്‍ പുതിയ പാനല്‍ സമര്‍പ്പിക്കാനും തീരുമാനമായി. ഇന്ന് തന്നെയോ നാളെയോ പുതിയ പാനല്‍ സമര്‍പ്പിക്കും. ഗവര്‍ണര്‍ കോടതി വിധി ലംഘിച്ചുവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാണ് നിലവിലെ താല്‍ക്കാലിക വി സിമാരെ ഗവര്‍ണര്‍ വീണ്ടും നിയമിച്ച് വിജ്ഞാപനം ഇറക്കിയത്. വി സി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്നും വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്ഥിരം വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരും ചാന്‍സലറും സമവായത്തിലെത്തണം, സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ നിലവിലെ വിസിമാര്‍ക്ക് തുടരാം, തുടങ്ങി സര്‍വകലാശാലകളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കരുതെന്നും നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതിയുടെ നടപടി.
ഗവര്‍ണ്ണറും സര്‍ക്കാരും പരസ്പരം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗഹാര്‍ദ്ദപരമായാണ് സര്‍ക്കാരും ഗവര്‍ണ്ണറും മുന്നോട്ട് പോകേണ്ടത്. സര്‍ക്കാരിനാണോ ഗവര്‍ണ്ണര്‍ക്കാണോ നിയമനാധികാരം എന്നതല്ല പരിഗണനാ വിഷയം. ഇത്തരം വ്യവഹാരങ്ങളാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാകരുത്. സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളുമാണ് പ്രധാനം. രണ്ട് സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തതാണ് പ്രധാന പ്രശ്നം. വസ്തുതകള്‍ പരിശോധിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നുമായിരുന്നു ജസ്റ്റിസുമാരായ ജെബി പാര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.
Content Highlights: Chancellor re-appoints Sisa Thomas and K Sivaprasad as VC