
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കും കൃഷ്ണപിള്ള, പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ, പി കെ കുഞ്ഞച്ചന്‍ അടക്കമുള്ളവര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലേക്ക് നമ്മുടെ കാലഘട്ടം പ്രസവിച്ച മഹാനായ വിപ്ലവകാരിയെ കൂടി ഏറ്റുവാങ്ങുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഈ മണ്ണിലേക്ക് പ്രവേശിക്കുമ്പോള്‍ കരുതി തന്നെ വേണം പ്രവേശിക്കാന്‍. ഈ മണ്ണ് വിപ്ലവ ജാഗ്രതയുടേയും രാഷ്ട്രീയ കര്‍ത്തവ്യ ബോധത്തിന്റെയും മൂല്യങ്ങളെ പറ്റി പഠിപ്പിക്കുന്ന മണ്ണാണ്. ഈ മണ്ണിന്റെയും മഹത്തരമാക്കിയ പോരാട്ടങ്ങളുടെയും എല്ലാ തിളങ്ങുന്ന മൂല്യങ്ങളും സ്വന്തം ഹൃദയത്തിലെ വെളിച്ചമായി ഏറ്റെടുത്ത നേതാവാണ് വി എസ് അച്യുതാനന്ദന്‍. ജീവിതകാലം മുഴുവന്‍ മധ്യവര്‍ഗത്തിന്റെ വിമോചന പോരാട്ടങ്ങളില്‍ തന്നെ സമര്‍പ്പിച്ച പോരാളിയാണ് വി എസ് എന്നും ബിനോയ് വിശ്വം പറഞ്ഞു.
ഏത് കാലത്തും സ്വയം നവീകരിക്കാന്‍ ശ്രമിച്ച നേതാവാണ് വി എസ് എന്ന് ബിനോയ് വിശ്വം പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും പരിസ്ഥിതിയുടെ പ്രാധാന്യം കേരളത്തെ പഠിപ്പിക്കാന്‍ മുന്‍കൈയെടുത്ത നേതാവാണ് വി എസ്. കാര്യപരിപാടിയില്‍ ലിംഗ സമത്വം, സ്ത്രീ അവകാശം എന്നീ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ വൈകിക്കൂടാ എന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റാണ് അദ്ദേഹം. വി എസ് എന്നും ഓര്‍മിപ്പിക്കപ്പെടും. രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടാകുമ്പോഴും വി എസിന്റെ പ്രത്യയ ശാസ്ത്ര പ്രതിബദ്ധത എല്ലാ കമ്മ്യൂണിസ്റ്റുകളേയും എല്ലാ കാലത്തും അഭിമാനം കൊള്ളിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
Content Highlights- Binoy viswam share memmories of v s achuthanandan