
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരൻ. അടിമകളെ പോലെ കഴിഞ്ഞിരുന്ന കര്‍ഷകരെ ഉണര്‍ത്തിയ സമാനതയില്ലാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് വി എസെന്ന് ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
'വിപ്ലവകരമായ കമ്മ്യൂണിസ്റ്റ് പ്രസ്താനത്തിലൂടെ ഇതിഹാസമായി മാറിയ നേതാവ്. അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രവും അതിനോടുള്ള വിശ്വാസവും അതിൽ അടിസ്ഥാനമായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി രംഗത്തും ഭരണ രംഗത്തും അദ്ദേഹത്തെ ദേശീയ നേതാവാക്കി മാറ്റി', ജി സുധാകരൻ പറഞ്ഞു.
അടിമകളെ പോലെ കഴിഞ്ഞിരുന്ന കര്‍ഷകരെ വി എസ് ഉണര്‍ത്തിയെന്ന് ജി സുധാകരൻ പറഞ്ഞു. പുന്നപ്ര വയലാര്‍ സമരങ്ങളില്‍ പോരാടി, ഒടുവില്‍ പൂഞ്ഞാറില്‍ ഒളിവിൽ കഴിഞ്ഞപ്പോൾ ആളുകൾ ഒറ്റികൊടുത്ത ശേഷം കൊടിയ പൊലീസ് പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. പൊലീസ് അദ്ദേഹത്തിൻ്റെ കാലില്‍ മൂര്‍ച്ചയുള്ള ബയണറ്റ് കുത്തി തിരുകി. അതിൻ്റെ ബുദ്ധിമുട്ട് ജീവിതാവസാനം വരെ അദ്ദേഹത്തിന് ഉണ്ടായി. കുട്ടനാടിന്റെ പോരാട്ട ചരിത്രത്തില്‍ വി എസാണ് എക്കാലത്തേയും നായകന്‍. കുട്ടനാടില്‍ സമരവീര്യമുള്ള ഒരു ജനതയെ വാര്‍ത്തെടുത്തത് വി എസാണ്. എബ്രഹാം ലിങ്കണും ജോര്‍ജ് വാഷിംഗടണ്ണുമൊക്കെ എങ്ങനെയാണോ നയിച്ചത് അതിൻ്റെയൊരു കുട്ടനാടന്‍ രൂപമായിരുന്നു വിഎസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights- G Sudhakaran on V S Achuthanandan's Death