
പാലക്കാട്: പാലക്കാട് ചങ്ങലീരിയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്. മരിച്ചയാള്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന മുപ്പത്തിരണ്ടുകാരനായ മകനാണ് നിപ സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. അതിനിടെ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
രണ്ടുദിവസം മുന്‍പാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അന്‍പത്തിയെട്ടുകാരന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചിരുന്നു. മരണം സ്ഥിരീകരിച്ചതോടെ മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നിപ ലക്ഷണങ്ങളോടു കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവയുണ്ടെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം.
2018-ലാണ് കേരളത്തില്‍ ആദ്യമായി നിപ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലായിരുന്നു നിപ സ്ഥിരീകരിച്ചത്. പതിനേഴുപേരാണ് അന്ന് മരിച്ചത്. 2019 ജൂണില്‍ കൊച്ചിയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 സെപ്റ്റംബറിര്‍ വീണ്ടും കോഴിക്കോട് രോഗബാധയുണ്ടായി. 2023 ഓഗസ്റ്റിലും സെപ്റ്റംബറിലും മലപ്പുറം ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Nipah confirmed in the son of a person who died of Nipah in Changaleri, Palakkad