'ജാവോ, ഇങ്ങിനെ ആണത്രേ തര്‍ജമ'; ഗവര്‍ണറെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഗവർണർ ഹിന്ദിക്കാരനായതുകൊണ്ട് ജാവോ എന്ന് പറയണമെന്ന് പലരും കമന്റിട്ടു

dot image

തിരുവനന്തപുരം: താത്ക്കാലിക വിസി നിയമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ ട്രോളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 'പോകൂ' എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി വാക്ക് 'ജാവോ' ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പരിഹാസം. 'ഇങ്ങനെ ആണത്രേ തര്‍ജമ' എന്ന തലക്കെട്ടോടെയായിരുന്നു ഹിന്ദി വാക്ക് മന്ത്രി പങ്കുവെച്ചത്. മന്ത്രിയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. ഗവർണർ ഹിന്ദിക്കാരനായതുകൊണ്ട് ജാവോ എന്ന് പറയണമെന്ന് പലരും കമന്റിട്ടു.

താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയാണ് ചെയ്തത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ താത്ക്കാലിക വിസി സ്ഥാനത്തുള്ള ഡോ. സിസ തോമസും ഡോ. കെ ശിവപ്രസാദും പുറത്താകും.

സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. വിസിമാര്‍ സര്‍വകലാശാലാ താത്പര്യം സംരക്ഷിക്കണമെന്നും താത്ക്കാലിക വിസി നിയമനം താത്ക്കാലിക സംവിധാനം മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്‍ കൂടുതല്‍ പാടില്ല. വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. താത്ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നും വിസി നിയമനം സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് തന്നെ നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ നിയമനം നടത്തരുതെന്നാണ് 2022ലെ സിസ തോമസ് കേസിലെ വിധിയെന്നും ഹൈക്കോടതി ഗവര്‍ണ്ണറെ ഓര്‍മ്മിപ്പിച്ചു. സര്‍വകലാശാലാ കാര്യങ്ങളിലെ കാവല്‍ക്കാരനാണ് വിസി. വിസി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് സര്‍വകലാശാലാ താത്പര്യമല്ലെന്നും ഹൈക്കോടതിയുടെ വിധിയില്‍ വ്യക്തമാക്കുന്നു.

വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ അപ്പീല്‍ തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

Content Highlights- Minister V Sivankutty trolled governor rajendra arlekar over hc verdict on temporary VC appointments

dot image
To advertise here,contact us
dot image