നിപ: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; പാലക്കാട് കൂടുതല്‍ മേഖലകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം

dot image

പാലക്കാട്: ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം പാലക്കാട് കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ എട്ട് മുതല്‍ 14 വാര്‍ഡുകള്‍, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലെ 25 മുതല്‍ 28 വാര്‍ഡുകള്‍, കാരാകുറുശ്ശി പഞ്ചായത്തിലെ 14 മുതല്‍ 16 വാര്‍ഡുകള്‍, കരിമ്പുഴ പഞ്ചായത്തിലെ 4,6,7 വാര്‍ഡുകള്‍ എന്നിവയാണ് പാലക്കാട് ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം നിപ ബാധിച്ച് മരിച്ച 57കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. 46 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. മുഴുവന്‍ പേരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയായിരുന്നു പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശി നിപ ബാധിച്ച് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിക്കെ മരിക്കുകയായിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ നാളെ ലഭിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിലവില്‍ പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിൻ്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്നു.
Content Highlights: Nipah Virus Alert issued for six districts

dot image
To advertise here,contact us
dot image