നിയമപരമായാണ് പ്രവർത്തിച്ചത്; സിൻഡിക്കേറ്റാണ് നിയമനാധികാരി: കെ എസ് അനിൽകുമാർ

'സസ്പെൻഷൻ നടപടി നിയമപരമായി നിൽക്കാത്ത കാര്യമാണ്'

dot image

തിരുവനന്തപുരം: നിയമപരമായാണ് പ്രവർത്തിച്ചതെന്നും അതുകൊണ്ട് തന്റെ ഭാഗത്താണ് ന്യായമെന്നും വിസി സസ്പെൻഷൻ നടപടി സ്വീകരിച്ച കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ. സസ്പെൻഷൻ നടപടി നിയമപരമായി നിൽക്കാത്ത കാര്യമാണ്. നിയമനാധികാരി സിൻഡിക്കേറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായി ഇതിനെ നേരിടും. വേദിയിൽ മതചിഹ്നം ഉപയോഗിച്ചെന്നത് വ്യക്തമാണ്. അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാളെ സർവകലാശാലയിൽ വരുമോ എന്ന ചോദ്യത്തിന് നിയമപരമായി പ്രവർത്തിക്കുമെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.

അതേസമയം,  കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതിനെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി തള്ളിക്കളയുന്നുവെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ല. നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. അത് ഇവിടെ ലംഘിക്കപ്പെട്ടു. കെ എസ് അനില്‍കുമാര്‍ രജിസ്ട്രാറായി തുടരുമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞിരുന്നു.

ഗവർണർ രാജേന്ദ്ര ആർലേക്കറേയും വിസി മോഹനൻ കുന്നുമ്മലിനേയും വിമർശിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് രംഗത്തെത്തി. താൻ രാജാവാണെന്ന് പറഞ്ഞുകൊണ്ടിരുന്നാൽ താൻ രാജാവാകില്ലെന്ന് ഗവർണർ ബോധ്യപ്പെടണമെന്ന് എം ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.

ഇല്ലാത്ത അധികാരത്തിൽ രാജഭക്തനായ വിസിയെക്കൊണ്ട് പുറപ്പെടുവിപ്പിക്കുന്ന രാജകൽപനകൾക്ക് ടിഷ്യു പേപ്പറിന്റെ വില ഇന്ത്യൻ ഭരണഘടനയും നിയമ വ്യവസ്ഥയും യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ടും അനുസരിച്ച് ഉണ്ടാവില്ലെന്ന് ബോധ്യപ്പെടണമെന്നും എം ശിവപ്രസാദ് പറഞ്ഞു. അങ്ങയുടെ രാജാവ് പുറം വാതിലിലൂടെയാണ് എസ്എഫ്‌ഐ സമരത്തെ പേടിച്ച് ഓടിയതെന്ന് സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം ഗവർണർ രാജേന്ദ്ര ആർലേക്കർ മടങ്ങിയതിനെ ചൂണ്ടിക്കാട്ടി ശിവപ്രസാദ് പരിഹസിച്ചു. രാജഭക്തന് അതിനുള്ള അവസരം ലഭിക്കില്ലെന്ന് ഓർക്കണം. മതേതരത്വവും യൂണിവേഴ്‌സിറ്റി നിയമവും ഉയർത്തി പിടിച്ച കേരള സർവകലാശാല രജിസ്ട്രാർക്ക് നിരുപാധിക പിന്തുണ നൽകുന്നുവെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.

Content Highlights: k s Anil kumar says he acted legally in bharathamba issue

dot image
To advertise here,contact us
dot image