
ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി എസ് സോളമനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച പേര് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 57 അംഗ ജില്ലാ കൗൺസിലിനും സമ്മേളനത്തിൽ അംഗീകാരമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജികുമാറിനെ ഒഴിവാക്കിയാണ് പുതിയ ജില്ലാ കൗൺസിലിനെ തെരഞ്ഞെടുത്തത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അജികുമാറിനെതിരെ പാർട്ടി തലത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.
ഇക്കഴിഞ്ഞ 27നാണ് ആലപ്പുഴയിൽ സിപിഐ ജില്ലാ സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നായിരുന്നു പ്രതിനിധികളുടെ അഭിപ്രായം. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കർഷകരുടെ പ്രതിഷേധം പാർട്ടിക്ക് നാണക്കേടായെന്നും അടിസ്ഥാന തൊഴിലാളി വിഭാഗം പാർട്ടിയോട് അകലുന്നുവെന്നും വിമർശനം ഉയർന്നിരുന്നു.
Content Highlights: S Solomon elected as CPI Alappuzha district secretary