
Jun 27, 2025
03:03 PM
കൊച്ചി: ബന്ധുക്കൾ വഴിയരികിൽ ഉപേക്ഷിച്ചുപോയ രോഗിക്ക് റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ തുണയെത്തി. മതിലകം സ്വദേശി ഷംസുദ്ദീനെ പെരുമ്പാവൂർ കൂവപ്പടി അഭയ ഭവനിലേക്ക് മാറ്റും. കൊച്ചി നോർത്ത് പാലത്തിനടിയിലാണ് ഷംസുദ്ദീനെ കാറിൽ എത്തിയ സഹോദരങ്ങൾ ഉപേക്ഷിച്ചത്.
റിപ്പോർട്ടറാണ് ഈ വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത്. പിന്നാലെയാണ് ഷംസുദ്ദീനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനമായത്. വാർത്തയ്ക്ക് പിന്നാലെ ടി ജെ വിനോദ് എംഎൽഎ ഇടപെടുകയും ഷംസുദ്ദീനെ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. സാമൂഹിക ക്ഷേമ വകുപ്പിന്റെ ആംബുലൻസിൽ ഷംസുദ്ദീനെ അഭയ ഭവനിലേക്ക് കൊണ്ടുപോകും.
എല്ലാവരോടും നന്ദിയുണ്ടെന്ന് ഷംസുദ്ദീൻ കരഞ്ഞുകൊണ്ട് പ്രതികരിച്ചു. ബന്ധുക്കൾ ഉപദ്രവിക്കുമായിരുന്നുവെന്നും ഷംസുദ്ദീൻ പറഞ്ഞു.25 വർഷം വിദേശത്തായിരുന്നു ഷംസുദ്ദീൻ. അവിടെ ഡ്രൈവറായിരുന്നു. മരുന്നും വസ്ത്രങ്ങളും ഉൾപ്പെടെയാണ് ഉപേക്ഷിച്ചത്. ഇടപ്പള്ളിയിലാണ് ആദ്യം തന്നെ കളയാനിരുന്നത്. 'അപ്പോൾ അവിടെ വേണ്ട, നോർത്തിൽ കളഞ്ഞോളൂ, അവിടെ പരിചയമുള്ള ആരെങ്കിലുമുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. നീ എവിടെയെങ്കിലും കിടന്ന് ചാകുമെന്നാണ് അവർ പറഞ്ഞത്. മരിച്ചിട്ട് വെള്ളം തന്നിട്ട് കാര്യമുണ്ടോ, അതിനുമുമ്പേ തരണ്ടേ. ', ഷംസുദ്ദീൻ നിറകണ്ണുകളോടെ പറഞ്ഞു.
Content Highlights: Reporter helps patient abandoned by relatives in Kochi