
കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ പഴയ പലസ്തീന് അനുകൂല പോസ്റ്റുകള്‍ ചര്‍ച്ചയാക്കിയതില്‍ പ്രതികരിച്ച് എം സ്വരാജ്. ജീവന്‍പോയാലും കമ്മ്യൂണിസ്റ്റുകാര്‍ ഇതേ നിലപാടാണ് സ്വീകരിക്കുകയെന്നും ആരെയും ഇക്കിളിപ്പെടുത്താന്‍ ഉദ്ദ്യേശിച്ചല്ല പോസ്റ്റ് എന്നും എം സ്വരാജ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെ ഇക്കിളിപ്പെടുത്താന്‍ ഏതെങ്കിലും ഫേസ്ബുക്ക് പോസ്റ്റുകൊണ്ട് സാധ്യമല്ലെന്ന് കഴിഞ്ഞ ദിവസം എംഎസ്എഫ് നേതാവ് പി കെ നവാസ് വിമര്‍ശിച്ചിരുന്നു.
'ആരെയും ഇക്കിളിപ്പെടുത്താന്‍ ഉദ്ദ്യേശിച്ച് ഇട്ട പോസ്റ്റല്ല. തിരഞ്ഞെടുപ്പ് സമയത്തല്ല ആ പോസ്റ്റിട്ടത്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരുമെന്നോ സ്ഥാനാര്‍ത്ഥിയാവുമെന്നോ കരുതിയിട്ടില്ലല്ലോ ഇതൊന്നും ചെയ്യുന്നത്. 2023 ഒക്ടോബറില്‍ ഇട്ട പോസ്റ്റിലാണ് ചര്‍ച്ച. അത് ഹമാസിനെക്കുറിച്ചല്ല. പലസ്തീനിലെ കൊല്ലപ്പെടുന്ന മനുഷ്യരെക്കുറിച്ചാണ്. നീതി നിഷേധിക്കപ്പെടുന്ന മനുഷ്യരെക്കുറിച്ചാണ്. തലയങ്ങ് പോയാലും അത്തരം വിഷയങ്ങളില്‍ അതേനിലപാടാണ്. യുദ്ധവും ഹിംസയും അരുത്. മനുഷ്യരെ കൊന്നുതള്ളരുത്. ജാതിയുടെ മതത്തിന്റെ, പ്രദേശത്തിന്റെ, ഭാഷയുടെ, വംശത്തിന്റെ, ഗോത്രത്തിന്റെ അഭിപ്രായത്തിന്റെ പേരില്‍ ഏതെങ്കിലും വിഭാഗം മറ്റേതെങ്കിലും വിഭാഗത്തെ അടിച്ചമര്‍ത്തരുത്. ജീവന്‍പോയാലും കമ്മ്യൂണിസ്റ്റുകാര്‍ ഇതേ നിലപാടായിരിക്കും സ്വീകരിക്കുക', എം സ്വരാജ് പറഞ്ഞു. പി വി അന്‍വര്‍ ആര്‍ക്കൊപ്പമെന്നത് തങ്ങളുടെ പ്രശ്നമേയല്ല. അതില്‍ ഇടപെടില്ല. അവര്‍ പരിഹരിക്കട്ടെയെന്നും ചോദ്യത്തോട് എം സ്വരാജ് പ്രതികരിച്ചു.
'ന്യൂനപക്ഷത്തെ ഇക്കിളിപ്പെടുത്താന്‍ ഏതെങ്കിലും ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് മാത്രം സാധ്യമാകും എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ കേരളത്തിലെയോ മലപ്പുറത്തെയോ ന്യൂനപക്ഷങ്ങളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്. സ്വരാജെടുത്ത നിലപാടുകളെ ഞാനുള്‍പ്പെടെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അദ്ദേഹം നില്ക്കുന്ന പ്രസ്ഥാനം സംഘ പരിവാറിന് വിധേയപ്പെട്ട് പോവുകയാണ്. അദ്ദേഹം ഏതെങ്കിലും മുറിയ്ക്കകത്തിരുന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്നതിന്റെ പേരില്‍ കേരളത്തിലെ ന്യൂനപക്ഷം മുഴുവന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്ന് കരുതരുത്'. എന്നായിരുന്നു പി കെ നവാസിന്റെ പ്രതികരണം.
ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിര്‍ത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം അനീതി നടന്നു കഴിഞ്ഞുവെന്നും പലസ്തീനികള്‍ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണെന്നുമായിരുന്നു ഏറെ ചര്‍ച്ചയായ സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഏതു യുദ്ധവും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്. നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവര്‍ മുക്കാല്‍ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Nilambur By poll M swaraj Reaction over palestine post discussion